ന്യൂഡൽഹി : അരുണാചല്‍ പ്രദേശിനായി അവകാശവാദമുന്നയിച്ച് വീണ്ടും പ്രകോപനമുയര്‍ത്തി ചൈന. അരുണാചല്‍ പ്രദേശ് എന്ന് വിളിച്ച് ഇന്ത്യ അനധികൃതമായി ഈ മേഖല കയ്യാളുന്നത് ചൈന അംഗീകരിക്കുന്നില്ലെന്നും ശക്തമായി എതിർക്കുന്നുവെന്നും പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഷാങ് സിയാവോങ് പറഞ്ഞു. ശനിയാഴ്‌ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് നിലപാടറിയിച്ചത്.
ചൈനയുടെ പ്രദേശമാണ് സാങ്‌നാൻ. അരുണാചൽ പ്രദേശ് എന്ന് വിളിച്ച് ഇന്ത്യ അനധികൃതമായി ഈ പ്രദേശം കൈയ്യടക്കി വയ്‌ക്കുന്നതിനെ ചൈന ഒരിക്കലും അംഗീകരിക്കുന്നില്ല, അതിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഷാങ് സിയോഗാങ്ങിന്‍റെ പ്രസ്‌താവന.
സേല തുരങ്കം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശില്‍ എത്തിയതിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഷാങ് സിയാവോങ്ങിന്‍റെ പ്രതികരണം. തെക്കൻ ടിബറ്റെന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശിലെ ഇന്ത്യന്‍ നീക്കങ്ങള്‍ അതിർത്തി പ്രശ്‌നം സങ്കീർണമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്‌നാൻ പ്രദേശം ഏകപക്ഷീയമായി വികസിപ്പിക്കാൻ ഇന്ത്യക്ക് അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിനും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതിർത്തി പ്രശ്‌നങ്ങൾ ലഘൂകരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നടപടികൾ. അതിർത്തി പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്ന, ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു നടപടിയും അവസാനിപ്പിക്കണം. സമാധാനം നിലനിർത്താൻ തങ്ങൾ ആവശ്യപ്പെടുന്നുവെന്നും കേണൽ ഷാങ് സിയാവോങ് കൂട്ടിച്ചേർത്തു.
അതേസമയം പ്രധാനമന്ത്രിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെ തുടർന്ന് ചൈന നടത്തിയ പരാമർശം ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയുടെ വികസന പദ്ധതികളെയോ അതിനായുള്ള സന്ദർശനങ്ങളെയോ എതിർക്കുന്നത് ന്യായമല്ലെന്നായിരുന്നു മറുപടി. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെ തുടർന്ന് ചൈന നടത്തിയ പ്രതികരണം രാജ്യം തള്ളിക്കളയുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതുപോലെ തന്നെ ഇന്ത്യയിലെ നേതാക്കൾ അരുണാചൽ പ്രദേശിലും സന്ദർശനം നടത്താറുണ്ട്' - എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇത്തരം സന്ദർശനങ്ങളെയോ ഇന്ത്യയുടെ വികസന പദ്ധതികളെയോ എതിർക്കുന്നത് ശരിയല്ല. അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യവും അന്യാധീനപ്പെടുത്താൻ സാധ്യമല്ലാത്തതുമായ ഭാഗമാണ് അരുണാചൽ പ്രദേശ് എന്ന യാഥാർഥ്യത്തെ മാറ്റാൻ കഴിയില്ലെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.