ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ നടത്തുന്ന പട്ടിണി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശ വ്യാപക നിരാഹാരത്തിന് ആഹ്വാനം ചെയ്‌ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ വൈകിട്ട് വരെയാകും നിരാഹാര സമരം നടത്തുക.
ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പശ്ചിമബംഗാള്‍ ജൂനിയര്‍ ഡോക്‌ടേഴ്‌സ് ഫ്രണ്ട് നിരാഹാര സമരം നടത്തുന്നത്. ഡോക്‌ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്നാണ് ഡോക്‌ടര്‍മാരുടെ പ്രധാന ആവശ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൊല്‍ക്കത്തയിലെ ഡോക്‌ടര്‍മാര്‍ മരണം വരെ നിരാഹാരം എന്ന പ്രഖ്യാപനവുമായാണ് മുന്നോട്ട് പോകുന്നത്. പട്ടിണി സമരം നടത്തിയ അഞ്ച് ഡോക്‌ടര്‍മാരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പശ്ചിമബംഗാളിലെ ഡോക്‌ടര്‍മാരുടെ നിരാഹാര സമരത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹി എയിംസിലെ റസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍(ആര്‍ഡിഎ)രാഷ്‌ട്രപതിക്ക് കത്തയച്ചിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജൂനിയര്‍ ഡോക്‌ടര്‍മാര്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി അവര്‍ക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ഏര്‍പ്പെടുത്തിയ സുരക്ഷ സംബന്ധിച്ചും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: 'ഡോക്‌ടര്‍മാരുടെ കൂട്ട രാജിയ്‌ക്ക് സാധുതയില്ല': ബംഗാള്‍ സര്‍ക്കാര്‍