ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഐഎംഎ (ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ). നാളെ (ഓഗസ്റ്റ് 17) രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്‌തിരിക്കുന്നത്. അത്യാഹിത, അടിയന്തര സേവനങ്ങളെ ഒഴിവാക്കിയാണ് പ്രതിഷേധം.
ഒപിയും മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകളും ഡോക്‌ടര്‍മാര്‍ ബഹിഷ്‌കരിച്ചേക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഐഎംഎ ഉള്‍പ്പടെയുള്ള സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണം, ആശുപത്രികള്‍ സേഫ് സോണുകളായി പ്രഖ്യാപിക്കണം, ആശുപത്രികളിലെ ജീവനക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാൻ കേന്ദ്ര നിയമം വേണം തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.
അതേസമയം, വനിത ഡോക്‌ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും സമരം നടക്കുകയാണ്. സംസ്ഥാനത്തെ പിജി ഡോക്‌ടര്‍മാരും ഹൗസ് സര്‍ജൻമാരുമാണ് ഇന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പി പൂര്‍ണമായി ബഹിഷ്‌കരിച്ചും വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയുമാണ് പ്രതിഷേധം.