ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം തുടങ്ങി. മദ്യം വിതരണം ചെയ്‌ത രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അറസ്‌റ്റിലായ കെ കണ്ണുക്കുട്ടിയിൽ നിന്ന് അന്വേഷണസംഘം 200 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്തതായി സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
വ്യാജമദ്യ ദുരന്തത്തിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. വിഷമദ്യ ദുരന്തമല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ജില്ല കലക്‌ടറെ അദ്ദേഹം സ്ഥലം മാറ്റി. അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ കള്ളക്കുറിച്ചി എസ്‌പി ഉൾപ്പടെ ഒൻപത് പേരെ സസ്പെൻഡ് ചെയ്‌തതായും മുഖ്യമന്ത്രി അറിയിച്ചു.
വ്യാജമദ്യ ദുരന്തത്തിൽ എം കെ സ്‌റ്റാലിൻ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിന് കാരണമായ എല്ലാവരെയും ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും, ദുരന്തം തടയുന്നതിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ നശിപ്പിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കള്ളക്കുറിച്ചി ജില്ലയുടെ പുതിയ കലക്‌ടറായി എം എസ് പ്രശാന്തും പൊലീസ് സൂപ്രണ്ടായി രജത് ചതുർവേദിയുമാണ് നിയമിതരായത്. ഇരുവരും ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സ്‌റ്റാലിനും മുതിർന്ന മന്ത്രിമാരായ ഇ വി വേലു, എം സുബ്രഹ്മണ്യൻ എന്നിവരും കള്ളക്കുറിച്ചിയിൽ എത്തി ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി വ്യാജമദ്യ ദുരന്തങ്ങള്‍ ഉണ്ടാകുന്നതില്‍ ഗവർണർ ആര്‍എന്‍ രവി ആശങ്ക അറിയിച്ചു. വ്യാജ മദ്യത്തിന്‍റെ ഉപയോഗം കാരണം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആളുകൾ മരിക്കുന്നത് തുടർക്കഥയായി മാറിയിരിക്കുകയാണ്. അനധികൃത മദ്യ ഉത്പാദനവും ഉപഭോഗവും തടയുന്നതിലെ പോരായ്‌മയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും തമിഴ്‌നാട് രാജ്‌ഭവൻ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നു. തമിഴ്‌നാട്ടില്‍ നിയമസഭാസമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ വിഷമദ്യ ദുരന്തത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷ നീക്കം.
മരണങ്ങളുടെ ഉത്തരവാദിത്തം എംകെ സ്‌റ്റാലിൻ ഏറ്റെടുക്കണമെന്ന് പിഎംകെ സ്ഥാപക നേതാവ് എസ് രാമദാസ് ആവശ്യപ്പെട്ടു. വ്യാജ മദ്യത്തിന്‍റെ വിൽപ്പന നിയന്ത്രിക്കാൻ പൊലീസിനും സർക്കാരിനും കഴിയുന്നില്ല. മാത്രമല്ല മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായമായി നൽകണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു.
"കുഞ്ഞിനെ നഷ്‌ടപ്പെട്ട മാതാപിതാക്കളുടെയും മദ്യപാനം മൂലം ഭർത്താവിനെ നഷ്‌ടപ്പെട്ട ഭാര്യയുടെയും ദുഃഖം ഹൃദയഭേദകമാണ്. ഡിഎംകെ ഗവൺമെന്‍റിന് യാതൊരു ഉത്തരവാദിത്തവുമില്ലാതായിരിക്കുന്നു. വ്യാജമദ്യം ഉപയോഗിച്ച് ജനങ്ങൾ മരിക്കുന്നത് ഇത് ആദ്യമല്ല. എന്നാൽ ഇതിനെതിരെ സർക്കാർ കണ്ണടയ്‌ക്കുകയാണ്" - ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എക്‌സിൽ കുറിച്ചു.
ചൊവ്വാഴ്‌ച (ജൂൺ 18) രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരിൽ നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ അവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അതേസമയം, ദുരന്തത്തിൽ മരണം 33 ആയിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ALSO READ : കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: മരണം 33 ആയി, നിരവധി പേര്‍ ചികിത്സയില്‍