ഷാഹ്‌ദോൽ : അനധികൃതമായി മണൽ കടത്തിയ ട്രാക്‌ടര്‍ ട്രോളി തടയാന്‍ ശ്രമിച്ച എഎസ്ഐയെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയില്‍ ശനിയാഴ്‌ച അര്‍ധ രാത്രിയോടെയാണ് സംഭവം. ബിയോഹാരി പൊലീസ് സ്‌റ്റേഷനിലെ എഎസ്ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് സൂപ്രണ്ട് കുമാർ പ്രതീക് അറിയിച്ചു.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്‌റ്റ് ചെയ്യാൻ രണ്ട് സഹപ്രവർത്തകർക്കൊപ്പം പോവുകയായിരുന്നു മഹേന്ദ്ര ബാഗ്രി. വഴിയിൽ മണൽ നിറച്ച ട്രാക്‌ടര്‍ ട്രോളി വരുന്നത് കണ്ട് ഇത് തടയാൻ ശ്രമിക്കുകയായിരുന്നു.
ട്രാക്‌ടർ നിർത്താൻ ബാഗ്രിയും മറ്റ് പൊലീസുകാരും ഡ്രൈവർക്ക് സൂചന നൽകിയെങ്കിലും നിർത്താതെ പോയ വാഹനം എഎസ്ഐയുടെ മുകളിലൂടെ പാഞ്ഞുകയറുകായായിരുന്നു.
സംഭവത്തിന് പിന്നാലെ ഡ്രൈവർ ട്രാക്‌ടറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ട്രാക്‌ടറില്‍ ഉണ്ടായിരുന്ന രാജ് റാവത്ത്, അശുതോഷ് സിങ് എന്നിവരെ പിന്നീട് അറസ്‌റ്റ് ചെയ്‌തു. വാഹനത്തിന്‍റെ ഉടമ സുരേന്ദ്ര സിങ് ഒളിവിലാണ്.
ഇവര്‍ക്കെതിരെ കൊലപാതകം, അനധികൃത മണൽ ഖനനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. സുരേന്ദ്ര സിങ്ങിനെ പിടികൂടാൻ പൊലീസിനെ സഹായിക്കുന്നവർക്ക് 30,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഷാഹ്‌ദോൾ ജില്ലയിലെ ഗോപാൽപൂർ പ്രദേശത്തെ സോൻ നദിയിൽ നിന്ന് അനധികൃതമായി ഖനനം ചെയ്‌ത മണൽ കടത്താൻ ഉപയോഗിച്ച ട്രാക്‌ടർ ട്രോളി ഇടിച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.