കാൺപൂർ : ശ്വാസകോശ രോഗ പരിശോധനയിലും നിർണയത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ഉതകുന്ന തല്‍ക്ഷണ പരിശോധന ഉപകരണം വികസിപ്പിച്ച് ഐഐടി കാൺപൂർ പിന്തുണയുള്ള സ്റ്റാര്‍ട്ട് അപ്പ് കമ്പനി. അന്‍പത് സെക്കന്‍റിനുള്ളില്‍ ശ്വാസകോശത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉപകരണം നല്‍കും. ഒരാളുടെ ശ്വാസകോശം എത്രത്തോളം ആരോഗ്യകരമാണെന്നറിയാന്‍ ഈ ഉപകരണം സഹായിക്കുന്നു.
കാൺപൂർ ഐഐടിയുടെ ഇൻക്യുബേറ്റർ കമ്പനിയായ മെഡാൻട്രിക് ആണ് നോഡെക്‌സ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. ഇക്കാലത്ത് ആളുകളില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപകരണത്തിൻ്റെ ആവശ്യകത പ്രസക്തമാകുന്നതെന്ന് ഐഐടി കാൺപൂർ ഇൻക്യുബേറ്റർ ചുമതല നിര്‍വഹിക്കുന്ന പ്രിരഞ്ജൻ തിവാരി പറഞ്ഞു. ഉപകരണത്തിന്‍റെ സഹായത്തോടെ ആളുകൾക്ക് വീട്ടിലിരുന്ന് ശ്വാസകോശം സ്വയം പരിശോധിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
ഉപകരണം ഒരു ഇൻഹേലർ പോലെ ഉപയോഗിക്കാന്‍ സാധിക്കും. അതിനായി സ്‌മാർട്ട്‌ഫോണുമായി അത് ബന്ധിപ്പിക്കുകയും ഫോണില്‍ മെഡാൻട്രിക് എന്ന ആപ്ലിക്കേഷൻ ആദ്യം ഡൗൺലോഡ് ചെയ്യുകയും വേണം. വ്യക്തിയുടെ പ്രായം,ഉയരം, വ്യക്തി പുകവലിക്കുമോ, തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉപയോക്താവ് നൽകേണ്ടിവരും. ഉപയോക്താക്കൾ ഉപകരണത്തിന്‍റെ ട്യൂബിലേക്ക് ശ്വാസം വിടുമ്പോള്‍ ഉപകരണവുമായി ബന്ധിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനിൽ റീഡിംഗുകൾ സൃഷ്ടിക്കപ്പെടുന്നു. അതുവഴി ഉപയോക്താവിന്‍റെ ശ്വാസകോശ റിപ്പോർട്ട് ഉപകരണം എളുപ്പത്തിൽ നൽകുന്നു.
ആളുകളുടെ ശ്വാസകോശാരോഗ്യം നിരീക്ഷിക്കാന്‍ ഹാൻഡ്‌ഹെൽഡ് ഡയഗ്‌നോസ്റ്റിക് ടൂൾ ആളുകളെ പ്രാപ്‌തമാക്കുന്നുവെന്ന് ഐഐടി കാൺപൂരിലെ സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ ആൻഡ് ഇന്നൊവേഷൻ സെന്‍റര്‍ അവകാശപ്പെടുന്നു. "ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകളോട് വിട പറയുക, നോഡെക്സ് ഉപയോഗിച്ച് എളുപ്പത്തിൽ ശ്വസിക്കുക" എന്ന ആശയമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. ആസ്‌ത്‌മ, സിഒപിഡി (ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്) എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് നോഡെക്‌സ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കും.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള രോഗികൾക്കും ആരോഗ്യമുള്ള ആളുകൾക്കും ഈ ഉപകരണം പ്രയോജനകരമാണ്. രോഗികൾ ഈ ഉപകരണം ഉപയോഗിച്ച ശേഷം മെഡിറ്റേഷന്‍ ചെയ്യുകയാണെങ്കിൽ, അതിനുമുമ്പ് അവരുടെ ശ്വാസകോശം എത്രത്തോളം ആരോഗ്യകരമായിരുന്നുവെന്നും മെഡിറ്റേഷന് ശേഷം എത്രത്തോളം ആരോഗ്യകരമാണെന്നും അവർക്ക് മനസ്സിലാകും, അതുവഴി ഡോക്ടർക്ക് അവരുടെ മരുന്നിന്‍റെ ഡോസ് ക്രമീകരിക്കാൻ കഴിയുമെന്നും പ്രിരഞ്ജൻ തിവാരി വ്യക്തമാക്കി.
Also Read: ആസ്‌ത്മക്കെതിരെ പൊരുതാം: ഫലപ്രദമായ ചികിത്സയും നിയന്ത്രണ മാര്‍ഗങ്ങളും, അറിയേണ്ടതെല്ലാം