ഗുവാഹത്തി : ഐഎസ് ഭീകര സംഘടനയിൽ ചേരാൻ സമൂഹമാധ്യമങ്ങൾ വഴി സന്നദ്ധതയറിയിച്ച ഐഐടി ഗുവാഹത്തിയിലെ വിദ്യാർഥിയെ അസമിലെ ഹാജോയിൽ വച്ച് പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഡൽഹിയിലെ ഓഖ്‌ല സ്വദേശിയായ ഗുഹാവത്തി ഐഐടി നാലാം വർഷ ബയോടെക്‌നോളജി വിദ്യാർഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിദ്യാർഥിയെ ഐഐടി ക്യാമ്പസിൽ നിന്ന് കാണാതായിരുന്നു. ധ്രുബ്രി ജില്ലയിലെ ഐഎസ് ഇന്ത്യയുടെ തലവൻ ഹാരിസ് ഫാറൂഖി എന്ന ഹരീഷ് അജ്‌മൽ ഫാറൂഖിയും കൂട്ടാളി അനുരാഗ് സിങ് എന്ന റെഹാനും പിടിയിലായി നാല് ദിവസത്തിന് ശേഷമാണ് ഭീകര സംഘടനയായ ഐഎസിൽ ചേരാൻ താത്‌പര്യം പ്രകടിപ്പിച്ച വിദ്യാർഥി പിടിയിലായത്. വിദ്യാർഥിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് അലർട്ട് പുറപ്പെടുവിച്ചിരുന്നു.
യാത്രക്കിടെയാണ് വിദ്യാർഥിയെ പിടികൂടിയത്. വിദ്യാർഥിയുടെ പേരിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് കസ്‌റ്റഡിയിലെടുത്തുവെന്ന് ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് ജിപി സിങ് എക്‌സിൽ പറഞ്ഞു. 'പ്രസ്‌തുത വിദ്യാർഥിയെ യാത്രയ്ക്കിടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമാനുസൃതമായ തുടർനടപടികൾ നടക്കും,' -ഡയറക്‌ട ർ ജനറൽ ഓഫ് പൊലീസ് ജിപി സിംങ് എക്‌സിൽ പോസ്റ്റ് ചെയ്‌തു.
താൻ ഐഎസിൽ ചേരാൻ താത്‌പര്യപ്പെടുന്നുവെന്നും അതിനുള്ള വഴിയിലാണെന്നും പറഞ്ഞുകൊണ്ട് വിദ്യാർഥി ഇമെയിൽ സന്ദേശം അയച്ചിരുന്നു. ഇ-മെയിലിന്‍റെ ഉള്ളടക്കത്തിന്‍റെ ആധികാരികത പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി അഡിഷണൽ പൊലീസ് സൂപ്രണ്ട് കല്യാൺ കുമാർ പഥക് പറഞ്ഞു.
കൊടും ഭീകരനും രാജ്യത്തെ ഐഎസ് തലവനുമായ ഹാരിസ് ഫാറൂഖി എന്ന ഹാരിസ് അജ്‌മല്‍ ഫാറൂഖി കഴിഞ്ഞ ദിവസമാണ് അസം പൊലീസിന്‍റെ പിടിയിലായത്. ഐഎസിലേക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വന്‍തോതില്‍ ചേര്‍ക്കുന്നതില്‍ ഇയാള്‍ക്ക് വലിയ വൈദഗ്‌ധ്യമുണ്ടെന്നാണ് അസം പൊലീസ് വെളിപ്പെടുത്തിയത് (Farooqui Expert in Bomb Making).
പലതരം വാഗ്‌ദാനങ്ങളില്‍ കുടുക്കിയാണ് യുവാക്കളെ സംഘത്തിലേക്ക് എത്തിച്ചിരുന്നതെന്ന് അസം പൊലീസ് പ്രത്യേക കര്‍മ്മസേന ഐജിപി പാര്‍ഥസാരഥി മഹന്ത പറഞ്ഞിരുന്നു. ഇയാള്‍ ബോംബ് നിര്‍മ്മാണ വിദഗ്‌ധനുമാണ്. ഫണ്ടുകള്‍ ഭീകരസംഘടനയിലേക്ക് എത്തിക്കുന്നതിലും ഇയാള്‍ക്ക് വലിയ കഴിവുണ്ടായിരുന്നു.
അസമിലെ ധുബ്രിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം സഹായി അനുരാഗ് സിങ്ങെന്ന റഹ്‌മാനെയും പൊലീസ് പിടികൂടി. ഇരുവരും ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് എത്തിയത് എന്തിനെന്ന കാര്യം വ്യക്തമായിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.