ഹൈദരാബാദ്: തെലങ്കാന-ആന്ധ്രാപ്രദേശ്-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പുതിയ ദേശീയ പാത നിർമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിൽ ഹൈദരാബാദിനും ബെംഗ്ലൂരുവിനും ഇടയിൽ നാലുവരി പാതയുണ്ട്. ഇതുകൂടാതെ പുതിയ റോഡ് നിർമിക്കാനാണ് കേന്ദ്ര ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്‍റെ തീരുമാനം. 'ദേശീയപാത വിഷൻ 2047'ന്‍റെ മാസ്റ്റർ പ്ലാനിലാണ് ഈ റോഡ് നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് ആരംഭിച്ച നാഗ്‌പൂർ-ഹൈദരാബാദ്-ബെംഗ്ലൂരു ദേശീയ പാത നിര്‍മിക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു. യാത്രാസമയം കുറക്കുന്നതിന് ഒരു പരിധിവരെ റോഡ് ഗതാഗതയോഗ്യമാക്കാനാണ് തന്ത്രം. നാഗ്‌പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ദേശീയ പാതയുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ഇതിനകം പൂർത്തിയായി.
ബെംഗ്ലൂരിനെ ഹൈദരാബാദുമായി ബന്ധിപ്പിക്കാനും തീരുമാനമുണ്ട്. അതിനായി വിശദമായ പ്രോജക്‌ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രോജക്‌ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള കരാറുകാരനെ തെരഞ്ഞെടുക്കാൻ കേന്ദ്ര ഗതാഗത-ദേശീയപാത മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. ഈ വർഷം സെപ്റ്റംബർ 12നാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി.
ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പുതിയ റോഡ് ആറുവരിയായി നിർമിക്കാനാണ് നിർദേശം. ആദ്യം 12 വരി പാത നിർമിക്കാനായിരുന്നു നിർദേശമെങ്കിലും ആറുവരിപ്പാതയിൽ ഒതുങ്ങുകയായിരുന്നെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഒരേസമയം ആറ് വരികൾ നിർമിക്കണോ ആദ്യം നാല് വരികൾ നിർമിക്കുക, തുടർന്ന് രണ്ട് വരികൾ കൂടി നീട്ടുകയാണോ എന്നത് വ്യക്തമല്ല. പ്രോജക്‌ട് റിപ്പോർട്ടിന്‍റെ അനുമതി ലഭിച്ച ശേഷം കേന്ദ്രം അന്തിമ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ ഹൈദരാബാദ്-ബെംഗ്ലൂരു റൂട്ട് ഹൈസ്‌പീഡ് ഗ്രീൻഫീൽഡ് ദേശീയ പാതയായി നിർമിക്കാനാണ് തീരുമാനം. 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കാൻ അനുവദിക്കണമെന്നാണ് നിർദേശം. താത്‌കാലിക എസ്റ്റിമേറ്റ് പ്രകാരം 508.461 കിലോമീറ്റർ നിര്‍മിക്കാനാണ് തീരുമാനം. ദേശീയപാത 44 ഹൈദരാബാദിൽ നിന്ന് ബെംഗ്ലൂരുവിലേക്ക് 556 കിലോമീറ്ററാണ്. നിലവില്‍ നാലുവരി പാതയാണ്. ഈ ദേശീയ പാത തെലങ്കാനയിൽ 190 കിലോമീറ്ററും ആന്ധ്രാപ്രദേശിൽ 260 കിലോമീറ്ററും കർണാടകയിൽ 106 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്നു.
വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നിലവിലുള്ള നാലുവരിപ്പാത ആറുവരിയാക്കി വികസിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. അതിനായി 2022ൽ തന്നെ പ്രോജക്‌ട് റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പല കാരണങ്ങളാൽ നിർദ്ദേശം മുടങ്ങി. അമിതവേഗത്തിന് യോജിച്ച രീതിയിൽ റോഡിന് വീതി കൂട്ടാൻ കഴിയില്ലെന്ന നിഗമനത്തിലാണ് അധികൃതർ. ഈ സാഹചര്യത്തിൽ അതിവേഗ ഗ്രീൻ ഫീൽഡ് നിർമിക്കാൻ മന്ത്രാലയം തീരുമാനിക്കുകയും മാസ്റ്റർ പ്ലാനിൽ നിർദേശിക്കുകയും ചെയ്‌തു.