ബെംഗളൂരു: സംശയ രോഗത്തെ തുടർന്ന് ഭാര്യയെ വർഷങ്ങളോളം വീട്ടുതടങ്കലിലാക്കിയ ഭർത്താവ് പിടിയിൽ. (Husband kept wife in house arrest at Karnataka). മൈസൂരുവിലെ എച്ച് ഡി കോട്ടെ താലൂക്കിലാണ് സംഭവം. സുനലയ എന്നയാളാണ് മനുഷ്യത്വരഹിതമായ രീതിയിൽ ഭാര്യയെ വീട്ടു തടങ്കലിലാക്കിയത്.
പ്രതിയായ സുനലയ മൂന്ന് പൂട്ടുകൾ ഉപയോഗിച്ച് ബന്ധിച്ച് ഭാര്യയെ വീട്ടിനുള്ളിലെ മുറിയിൽ പാർപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി മുറിയുടെ പൂട്ട് പൊളിച്ച് യുവതിയെയും കുട്ടികളെയും മോചിപ്പിച്ചത്. അഭിഭാഷകൻ സിദ്ദപ്പജി, സാന്ത്വന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ, എഎസ്‌പി സുഭൻ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ മോചിപ്പിച്ചത്. ശേഷം യുവതിയെ മാതൃഗൃഹത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.
സുനലയയുടെ മൂന്നാം ഭാര്യയാണ് ഇരയായ സ്‌ത്രീ. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ആദ്യ രണ്ട് ഭാര്യമാരും സുനലയയുടെ ശല്യം സഹിക്കാനാകാതെ വിവാഹ ബന്ധം വേർപ്പെടുത്തുകയായിരുന്നു. സംശയ രോഗിയായ സുനലയ യുവതിയെ പുറത്തുള്ളവരുമായി സംസാരിക്കാൻ അനുവദിച്ചിരുന്നില്ല.
വീടിന്‍റെ ജനാലകളടക്കം അടച്ചു വെച്ചാണ് ഇയാൾ ഭാര്യയെ വർഷങ്ങളായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത്. മുറിക്കുള്ളിൽ ശുചിമുറി ഇല്ലാത്തതിനാൽ ബക്കറ്റാണ് മലമൂത്ര വിസർജനത്തിനായി ഇയാൾ ഭാര്യക്ക് നൽകിയിരുന്നത്. പ്രതിയായ സുനലയയെ ഉപദേശിക്കാൻ ഗ്രാമത്തിലെ മുതിർന്നവർ യോഗം വിളിച്ചിരുന്നു. എങ്കിലും ഇയാൾ ക്രൂരത തുടരുകയായിരുന്നു.
ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിച്ചതായും കുട്ടികളോട് പോലും സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ചില്ലെന്നും യുവതി പറഞ്ഞു. രാത്രി സ്ഥിരമായി വൈകി വീട്ടിലെത്തുന്ന ഭർത്താവ് കുട്ടികളെ തന്‍റെ കൂടെ നിൽക്കാൻ അനുവദിക്കാറില്ലെന്നും മക്കൾക്ക് താൻ ഭക്ഷണം നൽകിയിരുന്നത് വീട്ടിനുള്ളിലെ ചെറിയ ജനലിലൂടെ ആയിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു. എച്ച്‌ഡി കോട്ട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തി വരികയാണ്.