ലഖ്‌നൗ : ജോലിയോ വരുമാനമോ ഇല്ലെങ്കിലും ഭര്‍ത്താവ് ഭാര്യയ്ക്ക് ചെലവിന് നല്‍കേണ്ടതുണ്ടെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചില്‍ നിന്നാണ് നിര്‍ണായക ഉത്തരവ്. കൂലിപ്പണിയെടുത്താല്‍ പോലും പ്രതിദിനം ഒരാള്‍ക്ക് മുന്നൂറ് മുതല്‍ നാനൂറ് രൂപ വരെയെങ്കിലും കിട്ടുമെന്ന് ജസ്റ്റിസ് രേണു അഗര്‍വാളിന്‍റെ ബെഞ്ച് ചൂണ്ടിക്കാട്ടി (Husband duty bound to maintain wife).
ഉപേക്ഷിച്ച ഭാര്യയ്ക്ക് മാസം രണ്ടായിരം രൂപ ചെലവിന് കൊടുക്കണമെന്ന കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നടപടി. വിധി വന്നത് മുതലുള്ള തുക ഇയാളില്‍ നിന്ന് ഈടാക്കാനും വിചാരണ കോടതിയോട് ജസ്റ്റിസ് രേണു അഗര്‍വാള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് ചെലവിന് നല്‍കണമെന്ന കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് 2023 ഫെബ്രുവരി 21നാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്(Lucknow Bench of Allahabad High Court).
2015ലാണ് പ്രസ്‌തുത കേസിലെ ദമ്പതികള്‍ വിവാഹിതരായത് (justice Renu Agrawal). സ്‌ത്രീധനം ആവശ്യപ്പെട്ടെന്ന് കാട്ടി ഭാര്യ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ് കൊടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2016ല്‍ ഇവര്‍ ഭര്‍തൃഗൃഹം വിട്ട് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം പോവുകയും ചെയ്തു. തുടര്‍ന്നാണ് കേസ് കുടുംബകോടതിയിലെത്തുകയും ഭാര്യയ്ക്ക് ചെലവിന് നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്‌തത്.
എന്നാല്‍ ഭാര്യ ബിരുദധാരിയാണെന്നും അധ്യാപക വൃത്തിയില്‍ നിന്ന് പ്രതിമാസം പതിനായിരം രൂപ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് ഹര്‍ജി നല്‍കിയത്. തനിക്ക് കാര്യമായ വരുമാനമില്ലെന്നും കാര്‍ഷിക വൃത്തിയില്‍ നിന്നുള്ള ചെറിയ തുക കൊണ്ട് മാതാപിതാക്കളെയും സഹോദരിമാരെയും പുലര്‍ത്തേണ്ടതുണ്ടെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. ഇതിന് പുറമെ താന്‍ ഗുരുതര രോഗിയാണെന്നും ചികിത്സ തേടുന്നുണ്ടെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി. വാടക വീട്ടിലാണ് താമസമെന്നും ഇയാള്‍ പറയുന്നു.
ഭാര്യയ്ക്ക് വരുമാനമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ല. മാതാപിതാക്കളും സഹോദരിമാരും ഇയാളെ ആശ്രയിച്ചാണ് കഴിയുന്നതെന്ന വാദവും കോടതി മുഖവിലയ്‌ക്കെടുത്തില്ല. കാര്‍ഷിക വൃത്തിയില്‍ നിന്ന് ചെറിയ വരുമാനം മാത്രമാണെന്നതും കോടതി പരിഗണിച്ചില്ല. ഭര്‍ത്താവ് ആരോഗ്യവാനായ ആളാണെന്നും ഇയാള്‍ക്ക് കായികാദ്ധ്വാനത്തിലൂടെ പോലും പണമുണ്ടാക്കാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
Also Read: 'മാതാപിതാക്കളെ പരിപാലിക്കേണ്ടത് മക്കളുടെ ഉത്തരവാദിത്തവും ബാധ്യതയും': കർണാടക ഹൈക്കോടതി
വാദത്തിന് വേണ്ടി ഇയാള്‍ക്ക് വരുമാനമില്ലെന്ന കാര്യം അംഗീകരിച്ചാല്‍ പോലും ഭാര്യയ്ക്ക് ചെലവിന് കൊടുക്കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രസ്‌താവിച്ചു. 2022ലെ അഞ്ജു ഗാര്‍ഗ് കേസില്‍ സുപ്രീം കോടതിയും ഇതേ നിലപാട് തന്നെയാണ് കൈക്കൊണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.