ന്യൂഡൽഹി: ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾക്കിടയിൽ തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 05) ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പാലായനം ചെയ്‌തിരുന്നു. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയെ സുരക്ഷിതമായി രാജ്യത്തേക്ക് എത്തിച്ചത് ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ കൃത്യമായ ഏകോപനത്തിലൂടെയാണ്. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ (ഐഎഎഫ്) റഡാറുകളുടെ നിരീക്ഷണവും യുദ്ധവിമാനങ്ങളും വിന്യസിച്ചാണ് ഹസീനയുടെ യാത്രയ്‌ക്ക് ഇന്ത്യന്‍ ഏജന്‍സികള്‍ സുരക്ഷ ഒരുക്കിയത്.
തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഇന്ത്യൻ വ്യോമസേനയുടെ റഡാറുകൾ ബംഗ്ലാദേശിൽ നിന്നും താഴ്ന്നു പറക്കുന്ന ഒരു എയര്‍ക്രാഫ്‌റ്റ് കണ്ടെത്തുകയുണ്ടായി. ഷെയ്ഖ് ഹസീന സഞ്ചരിക്കുന്ന എയര്‍ക്രാഫ്‌റ്റാണിതെന്ന് ഇന്ത്യയിലെ അധികൃതർ തിരിച്ചറിയുകയും പിന്നീട് ട്രാക്ക് ചെയ്യുകയുമായിരുന്നു. ഗുരുതരമായ സാഹചര്യമാണെന്നതിനാൽ വ്യോമസേന ഹസീനയുടെ എയര്‍ക്രാഫ്‌റ്റിന് ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് ഉടൻ തന്നെ പ്രവേശനം അനുവദിക്കുകയായിരുന്നു.
ഹസീനയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പശ്ചിമ ബംഗാളിലെ ഹഷിമാര എയർ ബേസിൽ 101 സ്ക്വാഡ്രനിൽ നിന്നുള്ള രണ്ട് റഫാൽ ജെറ്റുകൾ വിന്യസിച്ചിരുന്നു. ബിഹാറിനും ജാർഖണ്ഡിനും മുകളിലൂടെ പറന്നിരുന്ന ഈ റഫാൽ ജെറ്റുകള്‍ ഹസീനയുടെ എയര്‍ക്രാഫ്‌റ്റിനെ പിന്തുടര്‍ന്ന് നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു. ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത തലത്തിലുളളവരായിരുന്നു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്.
എയർ ചീഫ് മാർഷൽ വി ആർ ചൗധരിയും ഇന്ത്യൻ വ്യോമസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായിരുന്നു നേതൃത്വം നൽകിയത്. വൈകുന്നേരം 5.45 ഓടെ ഹിന്ദാൻ എയർ ബേസിൽ ഹസീന സഞ്ചരിച്ച എയര്‍ക്രാഫ്റ്റ് സുരക്ഷിതമായി എത്തിച്ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻഎസ്എ) അജിത് ഡോവലാണ് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചത്.
പിന്നീട് ബംഗ്ലാദേശിലെ സാഹചര്യങ്ങളെക്കുറിച്ച് ഹസീനയുമായി ഒരു മണിക്കൂർ ചർച്ച നടത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ അന്താരാഷ്‌ട്ര പ്രമുഖരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ് ഈ ഓപ്പറേഷൻ.
Also Read: ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി,ധാക്കയിലേക്ക് ലോങ് മാര്‍ച്ച്