രാജ്യം ഒന്നടങ്കം നടുങ്ങിയ ഹീനമായ കുറ്റകൃത്യമായിരുന്നു നിര്‍ഭയ കൂട്ടബലാത്സംഗക്കേസ്, പെണ്‍മക്കളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറിയ സംഭവത്തിന് ഇന്നേക്ക് 12 വര്‍ഷം തികയുന്നു. അന്നൊരു ദിവസം സുഹൃത്തിനൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പാരാമെഡിക്കൽ വിദ്യാർഥിനിയായ പെൺകുട്ടി ബസിൽ വച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.
പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്‌തിരുന്നു. പെൺകുട്ടിയെയും സുഹൃത്തിനേയും അക്രമികൾ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി സിംഗപ്പൂരിൽ വച്ച് 2012 ഡിസംബർ 29ന് മരണമടയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ എയർലിഫ്റ്റ് ചെയ്‌താണ് സിംഗപ്പൂരിലെത്തിച്ച് ചികിത്സ നൽകിയിരുന്നത്.
സംഭവം ഇങ്ങനെ
2016 ഡിസംബർ 16ന് രാത്രി ഒമ്പത് മണിക്ക് ലൈഫ് ഓഫ് പൈ എന്ന സിനിമ കണ്ട് പെൺകുട്ടിയും സുഹൃത്തും സൗത്ത് ഡല്‍ഹിയിലെ സാകേതിൽ രാത്രി ഒമ്പത് മണിക്ക് മുനിർക്ക ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ശേഷം ഇരുവരും സ്വകാര്യ ബസിൽ കയറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ അല്‍പനേരം കഴിഞ്ഞതിനു പിന്നാലെ ബസ് തെറ്റായ ദിശയിലേക്ക് നീങ്ങി. തെറ്റായ ദിശയിലേക്ക് പോവുകയാണെന്ന് തുടക്കത്തില്‍ തന്നെ അപായസൂചന ലഭിച്ചു. എന്നാല്‍, എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. തടയാന്‍ ശ്രമിച്ച ആണ്‍കുട്ടിയെ ബസിലുണ്ടായിരുന്ന ആറ് പേര്‍ ചേര്‍ന്ന് ആക്രമിച്ചൊതുക്കി. പ്രതികൾ നിർഭയയെ ബസിനുള്ളില്‍ വച്ചു പീഡിപ്പിച്ചു. സർവശക്തിയും ഉപയോഗിച്ച് അവൾ എതിർത്തെങ്കിലും പ്രതികള്‍ മൃഗീയമായി കൂട്ടബലാത്സംഗം ചെയ്‌തു.
സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് വടി കുത്തിയിറക്കി. ആന്തരികാവയവങ്ങള്‍ക്ക് പോലും പരിക്കേറ്റു. ആക്രമണത്തിന് ശേഷം മരണാസന്നയായ നിര്‍ഭയയെ പ്രതികളായ ആ ചെകുത്താന്മാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലുള്ള പെണ്‍കുട്ടിയെ വാഹനം കയറ്റി കൊലപ്പെടുത്താനും ശ്രമിച്ചു. അവള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും അവര്‍ ക്രൂരമായി ആക്രമിച്ച് റോഡരികില്‍ ഉപേക്ഷിച്ചു.
ശേഷം രാജ്‌കുമാര്‍ എന്നയാളാണ് വിവരം ഡല്‍ഹി പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന നിര്‍ഭയ സിംഗപ്പൂരിൽ വച്ച് 2012 ഡിസംബർ 29ന് മരണപ്പെട്ടിരുന്നു.
രാജ്യത്തെ പെണ്‍മക്കള്‍ സുരക്ഷിതരോ?
നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഇരയായി 12 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 200 വർഷത്തെ ക്രൂരതയും ചൂഷണവും പ്രതിരോധിച്ച് അനേകം സ്വാതന്ത്ര്യ സമരസേനാനികളുടെ പ്രയത്നത്തിന്‍റെ ഫലമായി ഇന്ത്യയെന്ന മഹാരാജ്യം 77 വർഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യം നേടി. ഓരോ സമൂഹത്തിനും വ്യക്തികള്‍ക്കും സമുദായത്തിന് വേണ്ടി പോലും ധാരാളം നിയമങ്ങൾ രാജ്യത്ത് രൂപീകരിച്ചിട്ടുണ്ട്. എങ്കിലും നമ്മള്‍ ഇപ്പോഴും സ്വതന്ത്രരാണോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.
നമുക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ യുക്തിസഹമായി ഉത്തരം ലഭിക്കാത്തവയാണ്, ഈ രാജ്യത്ത് എല്ലാ സ്ത്രീകളും പുരുഷൻമാരും സുരക്ഷിതരായിരിക്കുന്നതുവരെ നമുക്ക് ഈ ചോദ്യങ്ങൾ ചോദിക്കുന്നത് തുടരേണ്ടി വരും. നമ്മള്‍ നാടുമുഴുകെ സ്ത്രീ സുരക്ഷയെ കുറിച്ച് പറയുമ്പോഴും നമ്മുടെ സ്ത്രീകൾ വീട്ടിലും പുറത്തും സുരക്ഷിതരല്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ഈ സ്ത്രീ ശാക്തീകരണ പദ്ധതികളുടെയെല്ലാം പ്രയോജനം എന്താണ് എന്ന ചോദ്യവും പ്രസക്തമാണ്.
നിർഭയയ്‌ക്ക് ശേഷം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾ
2012 ഡിസംബറിൽ നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്‌ത പശ്ചാത്തലത്തിലാണ് ക്രിമിനൽ നിയമ (ഭേദഗതി) നിയമം 2013 പാസാക്കിയത്. ഈ നിയമം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ നടപടി ചട്ടം നിരവധി വ്യവസ്ഥകളിലൂടെ ഭേദഗതി ചെയ്‌തു. ഈ ഭേദഗതി പ്രകാരം ആസിഡ് ആക്രമണം (സെക്ഷൻ 326 എ & ബി), വോയറിസം (ലൈംഗികപരമായ ഉദ്ദേശത്തോടെ സ്ത്രീകളെ നോക്കുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യം) (സെക്ഷൻ 354 സി), സ്‌ത്രീകള അനാവശ്യമായി പിന്തുടരൽ (സെക്ഷൻ 354 ഡി) എന്നിവ ഉൾപ്പെടെ നിരവധി പുതിയ കുറ്റകൃത്യങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള നിയമലംഘനങ്ങൾ കൂടുതൽ കർശനമാക്കാൻ നിയമം ഭേദഗതി ചെയ്‌തു. 375-ാം വകുപ്പിലെ ബലാത്സംഗത്തിന്‍റെ നിര്‍വചനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി.
1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നു
- ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 166A നിയമപരമായ നിർദ്ദേശം അനുസരിക്കാത്ത ഒരു പൊതുപ്രവർത്തകനെ ശിക്ഷിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നു. ഭേദഗതിക്ക് ശേഷം, ഈ ലംഘനത്തിന് 6 മാസം മുതൽ 2 വർഷം വരെ കഠിന തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കും.
- ആസിഡ് ആക്രമണങ്ങൾ എന്ന ഹീനമായ കുറ്റകൃത്യത്തെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നതിനായി സെക്ഷൻ 326A, 326B എന്നിവ അവതരിപ്പിച്ചു. 10 വർഷം വരെ തടവോ ജീവപര്യന്തമോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമായി ആസിഡ് ആക്രമണങ്ങളെ കണക്കാക്കി.
- ലൈംഗിക പീഡനത്തിനെതിരെയുള്ള ശിക്ഷ വര്‍ധിപ്പിച്ച് സെക്ഷൻ 354 എ ഉള്‍പ്പെടുത്തി.
- സെക്ഷൻ 354B, ഒരു സ്ത്രീയെ അവളുടെ വസ്ത്രങ്ങൾ നീക്കം ചെയ്യാൻ നിർബന്ധിക്കുന്നത് ക്രിമിനില്‍ കുറ്റവും തക്ക ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാക്കി ഭേദഗതി ചെയ്‌തു.
- സ്‌ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് നോക്കുന്നതുള്‍പ്പെടെ കുറ്റക്യത്യമായി ഉള്‍പ്പെടുത്തി സെക്ഷൻ 354C ഇന്ത്യൻ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തി.
- സെക്ഷൻ 354D പ്രകാരം സ്‌ത്രീകളെ ഏത് തരത്തിലും വേട്ടയാടൽ ഗുരുതര കുറ്റകൃത്യമായി കണക്കാക്കുന്നു.
നിർഭയ കൂട്ടബലാത്സംഗത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഭയാനകമായ ബലാത്സംഗ കേസുകൾ
ഡല്‍ഹി ഗുഡിയ കൂട്ടബലാത്സംഗക്കേസ് 2013: 2013 ഏപ്രിലിൽ ഡല്‍ഹിയിലെ ഗാന്ധി നഗറിലെ വാടകവീട്ടിൽ വച്ച് അഞ്ചു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു. മനോജ് ഷാ, പ്രദീപ് കുമാര്‍ എന്നീ പ്രതികള്‍ അറസ്‌റ്റിലായി. പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് മെഴുകുതിരികളും പ്ലാസ്റ്റിക് കുപ്പികളും കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.
ബദൗൻ ബലാത്സംഗക്കേസ്: 2014 മെയ് 27 ന് ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലെ കത്ര ഗ്രാമത്തിൽ രണ്ട് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. എന്നാല്‍, സിബിഐ അന്വേഷണത്തിനൊടുവിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വിട്ടയച്ചു. എന്നിരുന്നാലും, 2015 ഒക്ടോബർ 28 ന് പോക്‌സോ കോടതി സിബിഐ റിപ്പോർട്ട് തള്ളി. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടികൾ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ടെന്ന് കണ്ടെത്തി, ഡിഎൻഎ സാമ്പിളുകൾ വഴി പപ്പു യാദവ്, അവ്ദേശ് യാദവ്, ഉർവേശ് യാദവ് എന്നീ പ്രതികളെ പൊലീസ് അറസ്‌റ്റു ചെയ്‌തു. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ ആയതിനാല്‍ പ്രതികള്‍ക്ക് വേണ്ടി സിബിഐ കേസ് അട്ടിമറിച്ചെന്നും കണ്ടെത്തി.
ശക്തി മിൽസ് ബലാത്സംഗക്കേസ്: 22 കാരിയായ ഫോട്ടോ ജേർണലിസ്റ്റിനെ മുംബൈയിലെ ശക്തി മിൽസിൽ വച്ച് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 5 പേർ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തു. മുംബൈയിലെ ഒരു മാസികയിൽ പെണ്‍കുട്ടി ട്രെയിനി ആയി ജോലി ചെയ്യുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രതികളില്‍ മൂന്ന് പേരെ 2014 ഏപ്രിൽ 4 ന് വധശിക്ഷയ്ക്ക് വിധിച്ചു, മറ്റ് രണ്ട് പേരെ ജീവപര്യന്തം തടവിലാക്കി.
പെരുമ്പാവൂര്‍ ബലാത്സംഗക്കേസ്: 2016 ഏപ്രിൽ 28 ന് എറണാകുളത്തെ പെരുമ്പാവൂരിലെ സ്വന്തം വീട്ടിൽ വച്ച് 29 കാരിയായ പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. ഈ കൊലപാതകം കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി അമീറുൽ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചു.
ഉന്നാവോ ബലാത്സംഗക്കേസ്: ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17 വയസുള്ള പെൺകുട്ടി 2017 ജൂൺ 4 ന് ക്രൂര ബലാത്സംഗത്തിന് ഇരയായി. യുപിയിലെ ഭരണകക്ഷിയായ ബിജെപിയുടെ മുൻ നേതാവ് കുൽദീപ് സിംഗ് സെൻഗാർ ആയിരുന്നു പ്രതി.
2019 ഡിസംബർ 16-ന് ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. വിചാരണയ്ക്കിടെ, ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
കത്വ ബലാത്സംഗക്കേസ്: രാജ്യം നടുങ്ങിയ കേസായിരുന്നു ഇത്. ജമ്മു കശ്‌മീരിലെ കത്വയ്ക്ക് സമീപമുള്ള രസാന ഗ്രാമത്തിൽ 8 വയസുള്ള പെൺകുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ഏഴ് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. 2019 ജൂൺ 10 ന് ഏഴ് പ്രതികളിൽ ആറ് പേരെ കുറ്റക്കാരെന്ന് കണ്ടെത്തി ഒരാളെ വെറുതെ വിട്ടു. പ്രതികളില്‍ മൂന്ന് പേർക്ക് ജീവപര്യന്തം തടവും ബാക്കി മൂന്ന് പേർക്ക് അഞ്ച് വർഷം വരെ തടവും വിധിച്ചു.
ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗക്കേസ്: കോട്ടയത്ത് നടന്ന ഞെട്ടിക്കുന്ന സംഭവമായിരുന്നു ഇത്. 2014 മുതൽ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ എന്ന വൈദികൻ തന്നെ ബലാത്സംഗം ചെയ്‌തതായി ഒരു കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മൂന്ന് കന്യാസ്ത്രീകൾ കൂടി രംഗത്തെത്തി.
എന്നാല്‍, കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധി വന്നത്.
2019 നവംബറിൽ ഹൈദരാബാദ് നടന്ന ബലാത്സംഗക്കേസ്: ഹൈദരാബാദിൽ നിന്നുള്ള 26 കാരിയായ വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും പിന്നീട് റോഡരികിൽ തള്ളുകയും ചെയ്‌തു. തെലങ്കാന പൊലീസ് പറയുന്നതനുസരിച്ച്, ഇര തന്‍റെ സ്‌കൂട്ടറുമായി ഹൈദരാബാദിന് സമീപമുള്ള ഷംഷാബാദിലെ ടോൾ പ്ലാസയിൽ നിർത്തി. രണ്ട് ലോറി ഡ്രൈവർമാരും അവരുടെ സഹായികളും ചേർന്ന് യുവതിയുടെ വാഹനം ബോധപൂർവം പഞ്ചറാക്കുകയും, അവളെ സഹായിക്കുന്നതായി നടിക്കുകയും ഇരയെ ഒരു റോഡിന്‍റെ വശത്തേക്ക് കൊണ്ടുപോയി കുറ്റിക്കാട്ടിലേക്ക് തള്ളിയിടുകയുമായിരുന്നു. പിന്നീട് യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്‌തു. തെലങ്കാന പൊലീസിന്‍റെ വിവരമനുസരിച്ച് പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഉന്നാവോയില്‍ യുവതിയെ ബലാത്സംഗം ചെയ്‌ത് ചുട്ടുകൊന്നു: 2019 ഡിസംബറിൽ ഉന്നാവോയിൽ 23 കാരിയായ യുവതിയെ ബലാത്സംഗം ചെയ്‌ത് ജീവനോടെ ചുട്ടെരിച്ചു. 2018 ഡിസംബർ 12 ന് ഉയർന്ന ജാതിക്കാരായ ത്രിവേദി, ശുഭം എന്നീ രണ്ട് പേര്‍ യുവതിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്‌തു.
ഡിസംബർ 04 ന്, ഇര തന്‍റെ അഭിഭാഷകനുമായി കേസ് ചർച്ച ചെയ്യാൻ ട്രെയിനില്‍ യാത്ര ചെയ്‌തിരുന്നു. ഗൗര ചൗക്കിൽ വച്ച് അഞ്ച് പേർ യുവതിയെ വളഞ്ഞു. തുടർന്ന് യുവതിയെ കത്തി കൊണ്ട് കുത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം ചികിത്സയിലിരിക്കെ ഡിസംബർ 7 ന് മരണത്തിന് കീഴടങ്ങി.
ഹത്രാസ് കൂട്ടബലാത്സംഗ കേസ്- 14.09.2020: 19 വയസുള്ള ദളിത് പെൺകുട്ടിയെ ഉയര്‍ന്ന ജാതിയിൽപ്പെട്ട നാല് പേർ ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്‌തു. ഉത്തർപ്രദേശിലെ ഹത്രാസിലാണ് ബലാത്സംഗം നടന്നത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, രണ്ടാഴ്ചയ്ക്ക് ശേഷം 19കാരി മരണത്തിന് കീഴടങ്ങി. യുപി പൊലീസ് ഉദ്യോഗസ്ഥർ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അനുവാദമോ സാന്നിധ്യമോ കൂടാതെ സംസ്‌കരിച്ചു. സംഭവത്തിൽ യുപി പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
മണിപ്പൂരിൽ സ്ത്രീകളെ നഗ്നയാക്കി റോഡിലൂടെ നടത്തി ബലാത്സംഗം ചെയ്‌തു (4 മേയ്, 2023): കലാപം നടന്ന മണിപ്പൂരിൽ കുക്കി-സോമി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തു. രാജ്യത്തെ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോയും പുറത്തുവന്നിരുന്നു. സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.
രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി (3 ഓഗസ്റ്റ് 2023): 14 വയസുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി, തുടർന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കരി ചൂളയിൽ കത്തിച്ചു. ഭിൽവാരയിലെ കോത്രി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കേസില്‍ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
പിജി ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി: 2024 ഓഗസ്റ്റ് 9-ന്, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജിലെ 31 വയസുള്ള ഒരു വനിതാ ബിരുദാനന്തര ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്‌തു.
കാമ്പസിലെ സെമിനാർ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആശുപത്രിയിൽ ഉണ്ടായിരുന്ന പ്രതിയായ സിവിക് പൊലീസ് വൊളന്‍റിയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
Read Also: മയക്കുമരുന്ന് നല്‍കി ബലാത്സംഗം; 'ദൈവ'ത്തെ പൂട്ടി പൊലീസ്