ഗദഗ് (കർണാടക): മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്‍റിന്‍റെ മകൻ ഉൾപ്പെടെ ഒരേ കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. നഗരത്തിലെ ദാസർ ഓണിയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം അക്രമികൾ രക്ഷപ്പെട്ടെന്ന് അധികൃതർ അറിയിച്ചു.
വൈസ് പ്രസിഡന്‍റ് സുനന്ദ ബക്‌ലെയുടെ മകൻ കാർത്തിക് ബക്‌ലെ (27), ബന്ധു പരശുറാം (55), ഭാര്യ ലക്ഷ്‌മി (45), മകൾ ആകാൻക്ഷ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം ഒരേ കുടുംബത്തിൽപ്പെട്ടവരാണ്. ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവും ഭാര്യയും മക്കളുമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. മരിച്ചവരിൽ മൂന്ന് പേർ കൊപ്പൽ സ്വദേശികളാണ്. കാർത്തിക്കിന്‍റെ വിവാഹം ഉറപ്പിക്കാനായാണ് കൊപ്പലിൽ നിന്ന് ബന്ധുക്കൾ എത്തിയത്.
കൊലപാതക വിവരമറിഞ്ഞയുടൻ ലോക്കൽ പൊലീസ് ഡോഗ് സ്ക്വാഡുമായി സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് ബി എസ് നേമഗൗഡ, അഡീഷണൽ പൊലീസ് സൂപ്രണ്ട് എം ബി സങ്കദ, ഡിവൈഎസ്‌പി, സിപിഐ തുടങ്ങി നിരവധി ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിച്ചു.
മന്ത്രി എച്ച് കെ പാട്ടീൽ കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ മനസ്സിലാക്കി. പ്രകാശ് ബക്‌ലെയുടെ കുടുംബത്തിന് മന്ത്രി ധൈര്യം നൽകി, ഇത് നിർഭാഗ്യകരവും, മനുഷ്യത്വരഹിതവുമായ സംഭവമാണ്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. കൊലപാതകികളെ കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രകാശ് ബക്‌ലെയ്‌ക്ക് ഉറപ്പുനൽകി.
വാർത്ത അറിഞ്ഞയുടൻ ഞങ്ങൾ എത്തി പരിശോധിച്ചുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ബി എസ് നേമഗൗഡ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. കൊലക്കേസ് പ്രതികളെ എത്രയും വേഗം പിടികൂടും. പുലർച്ചെ രണ്ടിനും മൂന്നിനുമിടയിലാകാം സംഭവമെന്ന് കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചു. അക്രമികൾ എങ്ങനെ എത്തിയെന്ന് കുടുംബാംഗങ്ങൾ നൽകുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും. ഇതുവരെ, അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ബി എസ് നേമഗൗഡ അറിയിച്ചു.
അക്രമികൾ ആരാണെന്നും അവർ എങ്ങനെയാണ് വന്നതെന്നും ഞങ്ങൾക്ക് അറിയില്ല എന്ന് പ്രകാശ് ബക്‌ലെ വ്യക്തമാക്കി. പുലർച്ചെ മൂന്ന് മണിയോടെ വാതിലിൽ മുട്ട് കേട്ടു. ഞാൻ എഴുന്നേറ്റ് ആരാണെന്ന് വിളിച്ചപ്പോൾ ആരും പ്രതികരിച്ചില്ല. പിന്നീട് ഞാൻ എൻ്റെ മകൻ കാർത്തിക്കിനെ ഫോൺ ചെയ്‌തു. അവൻ കോൾ എടുത്തില്ല. തുടർന്ന് സംശയം തോന്നി മരുമകൻ പരശുറാമിനെയും ഭാര്യ ലക്ഷ്‌മിയെയും വിളിച്ചു. അവരും കോൾ സ്വീകരിച്ചില്ല. സംശയം തോന്നിയ ഞാൻ ഉടൻ തന്നെ ലോക്കൽ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി നോക്കിയപ്പോൾ കൊലപാതകം നടന്നതായി അറിഞ്ഞെന്ന് നഗരസഭ വൈസ് പ്രസിഡൻ്റ് സുനന്ദയുടെ ഭർത്താവ് പ്രകാശ് ബക്‌ലെ കൂട്ടിച്ചേർത്തു.