ന്യൂഡല്‍ഹി: സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയര്‍പേഴ്‌സണ്‍ മാധവി പുരി ബുച്ചിനെതിരെ യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് റിസർച്ച്. മാധവി ബുച്ചിനും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിന്‍റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നാണ് ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന്‍റെ ഷെല്‍ കമ്പനികളില്‍ സെബി അധ്യക്ഷയ്‌ക്കും നിക്ഷേപമുണ്ടെന്നാണ് ആരോപണം.
മൗറീഷ്യസ്, ബര്‍മുഡ രാജ്യങ്ങളിലാണ് മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുള്ളതെന്നാണ് ഹിൻഡൻബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ അദാനി ഗ്രൂപ്പിന് രഹസ്യനിക്ഷേപങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 2023 ജനുവരിയിലായിരുന്നു യുഎസ് സ്ഥാപനം ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
വിദേശ രാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ രൂപീകരിച്ച് അവയിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തി. ഇതിലൂടെ ഓഹരിവില കൃത്രിമമായി പെരുപ്പിച്ചുകാണിച്ചു. ഇങ്ങനെ പെരുപ്പിച്ച വിലയുള്ള ഓഹരികള്‍ ഈടുവച്ചാണ് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയതെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.
സംഭവത്തില്‍ വലിയ വാദപ്രതിവാദങ്ങളാണ് ഇരു കമ്പനികളും തമ്മിലുണ്ടായത്. ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടിനെ കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷവും ഉപയോഗിച്ചു. ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വൻ തോതില്‍ അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ മൂല്യത്തകര്‍ച്ചയും നേരിട്ടു.
ഹിൻഡൻബര്‍ഗിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നാലെ അദാനി ഗ്രൂപ്പിന് സെബി ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 27ന് ഹിൻഡൻബര്‍ഗിന് സെബി കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് ഹിൻഡൻബര്‍ഗ് പുറത്തുവിട്ടത്. ഇന്ത്യയ്‌ക്കെതിരെ വെളിപ്പെടുത്തലുണ്ടാകുമെന്ന് ശനിയാഴ്‌ച (ഓഗസ്റ്റ് 10) രാവിലെ ഹിൻഡൻബര്‍ഗ് എക്‌സിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് സെബി ചെയര്‍പേഴ്‌സണെതിരായ റിപ്പോര്‍ട്ട് അവര്‍ പുറത്തുവിട്ടത്.