ഷിംല (ഹിമാചല്‍ പ്രദേശ്) : ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. ഹിമാചല്‍ പ്രദേശിലെ രാഷ്‌ട്രീയ സ്ഥിതി പാടെ മാറ്റിയ ക്രോസ് വോട്ടിങ്ങില്‍ ഉള്‍പ്പെടുകയും അയോഗ്യരാക്കപ്പെടുകയും ചെയ്‌ത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്‍റെ അയോഗ്യരാക്കപ്പെട്ട ആറ് വിമത എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ശനിയാഴ്‌ച (മാര്‍ച്ച് 23) ബിജെപിയില്‍ ചേര്‍ന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസിന്‍റെ ഭാഗമായിരുന്ന രാജേന്ദ്ര റാണ, സുധീര്‍ ശര്‍മ, ഐ ഡി ലഖന്‍പാല്‍, രവി താക്കൂര്‍, ദേവേന്ദ്ര ഭൂട്ടോ, ചൈതന്യ ശര്‍മ, സ്വതന്ത്രരായ ഹോഷിയാര്‍ സിങ്, കെ എല്‍ താക്കൂര്‍, ആശിഷ് ശര്‍മ എന്നിവരാണ് ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടിയത്. ഇവര്‍ ഒന്‍പത് പേര്‍ അടുത്തിടെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന് അനുകൂലമായി വോട്ട് ചെയ്‌തിരുന്നു. ഇതോടെ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്‌വിയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങേണ്ടി വന്നു.
എംഎല്‍എമാരുടെ കൂറുമാറ്റത്തിന് പിന്നാലെ നിലനില്‍പ്പ് ആശങ്കയിലായ ഹിമാചല്‍ കോണ്‍ഗ്രസ് മുഖം രക്ഷിക്കാന്‍ പാടുപെടുന്ന സാഹചര്യത്തിലാണ് പുതിയ തിരിച്ചടി. ഇവര്‍ ബിജെപിയിലേക്ക് മാറിയത് മലയോര സംസ്ഥാനത്ത് കോളിളക്കം സൃഷ്‌ടിക്കുമെന്നതില്‍ സംശയമില്ല.
അയോഗ്യരാക്കിയതിനെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇവര്‍ പിന്‍വലിച്ചു. മാര്‍ച്ച് 18ന് എംഎല്‍എമാരുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചിരുന്നു. വിഷയത്തില്‍ നിയമസഭ സെക്രട്ടേറിയറ്റിനോട് വിശദീകരണം തേടുകയും മെയ് 16ന് അടുത്ത വാദം നിശ്ചയിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.