ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ആശ്വാസം. കേസില്‍ ഡികെ ശിവകുമാറിനെതിരെ അന്വേഷണം നടത്താനുള്ള അനുമതി പിൻവലിച്ചതിനെ ചോദ്യം ചെയ്‌ത് സിബിഐ സമർപ്പിച്ച ഹർജി കര്‍ണാടക ഹൈക്കോടതി തള്ളി. ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം സുപ്രീം കോടതിയാണ് വിഷയം തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലും സിബിഐയും കേസ് സംബന്ധിച്ച് ഹൈക്കോടതിയിൽ വെവ്വേറെ ഹർജി വിഷയത്തില്‍ സമർപ്പിച്ചിരുന്നു. ഈ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് കെ സോമശേഖർ, ജസ്റ്റിസ് ഉമേഷ് എം അഡിഗ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
കേന്ദ്ര സർക്കാരിന്‍റെ കീഴിലാണ് സിബിഐ പ്രവർത്തിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാൾ vs ഇന്ത്യ ഗവൺമെന്‍റ് എന്ന കേസിലെ വിധിന്യായ പ്രകാരം, നിലവിലെ ഹർജികൾ ഭരണഘടനയുടെ ആർട്ടിക്കിൾ 131 ന് കീഴിലാണ് വരുന്നത്. ഇതില്‍ ഒരു സംസ്ഥാനത്തെ സിബിഐയെ കേന്ദ്ര സർക്കാരിന് എത്രത്തോളം നിയന്ത്രിക്കാനാകുമെന്ന് പ്രതിപാദിക്കുന്നത്.
ഈ കേസിൽ സിബിഐക്ക് നൽകിയ അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇക്കാര്യത്തില്‍ നിയമ പ്രശ്‌നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതി ഇതില്‍ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന് കര്‍ണാടക കോടതി വ്യക്തമാക്കി. തുടര്‍ന്ന്, ഹർജികൾ തള്ളുന്നതായി ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാർക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും ബെഞ്ച് ഉത്തരവിൽ വിശദീകരിച്ചു.
കേസിന്‍റെ പശ്ചാത്തലം : ഡി കെ ശിവകുമാറിന് വിവിധ ബിസിനസുകളിൽ പങ്കുണ്ട്. 2017 ഓഗസ്റ്റ് രണ്ടിന് ഡികെ ശിവകുമാറിന്‍റെ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. റെയ്‌ഡില്‍ പണം കണ്ടെത്തിയ പശ്ചാത്തലത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു.
പിന്നീട് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഡികെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം കേസെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ 2019 സെപ്‌റ്റംബർ 3-ന് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്‌തു. 2019 സെപ്‌റ്റംബർ 9 ലെ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ, അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി സർക്കാർ അഴിമതി നിയന്ത്രണ നിയമപ്രകാരം അന്വേഷണം നടത്താൻ സിബിഐക്ക് അനുമതി നൽകി.
കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ഡികെ ശിവകുമാറിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ നൽകിയ അനുമതി മന്ത്രിസഭ പിൻവലിച്ചു. ഇത് ചോദ്യം ചെയ്‌ത് സിബിഐയും എംഎൽഎ യത്നാലും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Also Read : 16-ാം ധനകാര്യ കമ്മിഷൻ ഗ്രാൻ്റ് വിഹിതം സന്തുലിതമാക്കണം, 60% നികുതി വിഹിതം നൽകണം: കണക്ക് നിരത്തി സിദ്ധരാമയ്യ