റാഞ്ചി: ഭൂമി കുംഭകോണക്കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം നേരിടുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെച്ചു. രാജ്‌ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജി കത്ത് കൈമാറി. നിലവിലെ ഗതാഗത മന്ത്രി ചംപായ് സോറനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ജെഎംഎം തെരഞ്ഞെടുത്തു.
മുഖ്യമന്ത്രി പദവി രാജിവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സോറെ ഇഡി സംഘം കസ്റ്റഡിയിലെടുത്തു.
ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ടുള്ള ഭൂമി കുംഭകോണക്കേസില്‍ ബന്ധപ്പെട്ട് ഹേമന്ത് സോറനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചൊയ്‌ത് വരികയായിരുന്നു. സോറനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനാത്തേക്ക് സോറന്‍റെ ഭാര്യ കൽപ്പന സോറൻ്റെ പേര് നിർദ്ദേശിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എന്നാല്‍ പാര്‍ട്ടിയ്‌ക്ക് അതില്‍ താല്‍പര്യമില്ലെന്നാണ് നിലവില്‍ പുറത്തു വരുന്ന വിവരം.
അതേ സമയം ഹേമന്ത് സോറനെ ഇഡി റാഞ്ചിയിലെ വസതിയില്‍ വച്ച് എട്ട് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ഇതിനിടെ ഇഡിക്കെതിരെ സോറന്‍ കോടതിയേയും സമീപിച്ചിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് അനുസരിച്ച് ഇഡിക്കെതിരെ കേസെടുക്കണമെന്നും സോറന്‍ ആവശ്യപ്പെട്ടിരുന്നു.
ഹേമന്ത് സോറന്‍റെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന സ്ഥലത്തും രാജ്‌ഭവന്‍റെ പരിസരത്തും നിരോധനാഞ്ജ പുറപ്പെടുവിച്ചിരുന്നു. ഭരണ കക്ഷിയിലെ എം എല്‍ എ മാര്‍ നേരത്തെ തന്നെ രാജ്ഭവനില്‍ എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഹേമന്ത് സോറന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.
കഴിഞ്ഞ ദിവസം ഹേമന്ത് സോറന്‍റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത മുപ്പത്തിയാറ് ലക്ഷം രൂപ ഇഡി സംഘം കണ്ടെത്തിയിരുന്നു. കൂടാതെ ആഡംബര കാറും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
'ജാർഖണ്ഡ് കടുവ' അധികാരത്തിലേക്ക്: ജെഎംഎം ന്‍റെ മുതിർന്ന നേതാവാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന ചെപായ് സോറൻ. 67 കാരനായ ചെപായ് സോറൻ ജാർഖണ്ഡിലെ സെറൈകെല നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്. സെറൈകെല-ഖർസവാൻ ജില്ലയിലെ കർഷക കുടുംബത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. സംസ്ഥാന രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ച ചെപായ് സോറൻ 'ജാർഖണ്ഡ് കടുവ' എന്നറിയപ്പെടുന്നു.
ജെഎംഎം സ്ഥാപകൻ ഷിബു സോറന്‍റെയും ജെഎംഎം എക്സിക്യൂട്ടീവ് പ്രസിഡന്‍റായ ഹേമന്ത് സോറന്‍റെയും വിശ്വസ്‌തനാണ് ചെപായ് സോറൻ. ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഗതാഗത, പട്ടികവർഗ, പട്ടികജാതി, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയായിരുന്നു അദ്ദേഹം.
ജാർഖണ്ഡിൽ നിന്ന് നാല് തവണ എംഎൽഎ ആയിട്ടുള്ള അദ്ദേഹം 2005 ലും 2009 ലും ജാർഖണ്ഡ് നിയമസഭയിലേക്ക് . 2014 ലെ ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ വോട്ടർമാർ ചെപായ് സോറനിൽ വീണ്ടും വിശ്വാസം അർപ്പിച്ചു. സെറൈകെല മണ്ഡലത്തിൽ നിന്ന് ജാർഖണ്ഡ് നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2019 ലെ ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ നാലാം തവണയും അദ്ദേഹം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.