ഭുവനേശ്വർ : ഒഡിഷയിലെ സുന്ദർഗഡ് ജില്ലയിലെ റൂർക്കേല സർക്കാർ ആശുപത്രിയിൽ ആറ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആശുപത്രിയിൽ വച്ച് അസ്വാഭാവിക മരണം സംഭവിച്ചവരുടെ എണ്ണം 16 ആയി. മരണം സൂര്യാഘാതം മൂലമാകാമെന്നാണ് വിലയിരുത്തൽ.
അതേസമയം മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഭൂരിഭാഗം പേരും അജ്ഞാതമായ കാരണങ്ങളാൽ ആശുപത്രിയിൽ വച്ച് തന്നെയാണ് മരണപ്പെട്ടതെന്ന് റൂർക്കേല ആശുപത്രി സൂപ്രണ്ട് സുധാറാണി പ്രധാൻ പറഞ്ഞു. മരിച്ചവരിൽ പലരുടെയും ശരീര താപനില ഏകദേശം 103-104 ഡിഗ്രി ഫാരൻഹീറ്റ് ആയിരുന്നു. ഇതായിരിക്കാം മരണ കാരണമെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരണകാരണത്തിൽ കൂടുതൽ വ്യക്തത വരും.
ഒഡിഷയുടെ പല മേഖലകളിലും താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിൽ ഉഷ്‌ണതരംഗ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ 19 സ്ഥലങ്ങളിൽ ശരാശരി താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചിരുന്നു.
ഝാർസുഗുഡ, ബോലാംഗിർ, ബർഗഡ്, സംബൽപൂർ, സോനേപൂർ, മൽക്കൻഗിരി, സുന്ദർഗഡ്, നുവാപഡ, കാണ്ഡമാൽ ജില്ലകളിലാണ് ഉഷ്‌ണതരംഗം നിലനിൽക്കുന്നതെന്ന് ഐഎംഡിയുടെ റിപ്പോർട്ടിൽ പറയുന്നു. പടിഞ്ഞാറൻ ഒഡിഷയിൽ ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read: ഉത്തര്‍പ്രദേശിൽ ഉഷ്‌ണതരംഗം: ചരക്കു ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു