ബെംഗളൂരു : കേന്ദ്ര ആഭ്യന്തര- ഘന വ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി ആശുപത്രിയില്‍. ബിജെപി ജെഡിഎസ് നേതാക്കളുടെ കോര്‍കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പദയാത്ര നടത്തുന്ന തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.
ജയനഗറിലെ അപ്പോളോ ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മകനും ചലച്ചിത്രതാരവും രാഷ്‌ട്രീയ നേതാവുമായ നിഖില്‍ കുമാരസ്വാമിയും മറ്റ് ജനതാദള്‍ എസ് നേതാക്കളും ചേര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ മുതല്‍ അദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്ത് വരികയായിരുന്നു.
നഞ്ചന്‍ഗുഡ് പട്ടണത്തിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് മൈസുരുവിലെത്തി ചില യോഗങ്ങളില്‍ പങ്കെടുത്തു. പിന്നീട് വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം ബെംഗളൂരുവിലെത്തിയ അദ്ദേഹം ബിജെപി ജെഡിഎസ് നേതാക്കളുടെ കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുത്തു.
പിന്നീട് കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രി പ്രലാദ് ജോഷി, ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആര്‍ അശോക, തുടങ്ങിയവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തവെയാണ് പെട്ടെന്ന് മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായത്.
അദ്ദേഹത്തിന്‍റെ വെളുത്ത ഷര്‍ട്ടില്‍ മുഴുവന്‍ രക്തം പടര്‍ന്നു. എന്നിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ സംസാരിച്ച അദ്ദേഹം യെദ്യൂരപ്പയോട് വാര്‍ത്താസമ്മേളനം തുടരാന്‍ നിര്‍ദേശം നല്‍കി. പിന്നീട് ടവ്വല്‍ ഉപയോഗിച്ച് മൂക്ക് അമര്‍ത്തിപ്പിടിച്ച് വേദി വിട്ടു. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Also Read: ബിജെപി പക്ഷത്തേക്ക് ചായാന്‍ ജെഡിഎസ് ; ചര്‍ച്ച പുരോഗമിക്കുന്നുവെന്ന് എച്ച് ഡി കുമാരസ്വാമി