ബെംഗളൂരു : കര്‍ണാടക പിന്നാക്ക കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലഭിച്ചോയെന്ന് സര്‍ക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. ജാതി സര്‍വേ നടത്തണമെന്ന് പിന്നാക്ക കമ്മിഷനോട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്‌ത് ഹൈക്കോടതിയില്‍ ശിവരാജ് കന ഷെട്ടിയും മറ്റ് ചിലരും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത് (caste census report).
ചീഫ് ജസ്റ്റിസ് എന്‍ വി അഞ്ജാരിയയും ജസ്റ്റിസ് ടി ജി ശിവശങ്കര്‍ ഗൗഡയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് (High Court directs Govt). സംസ്ഥാനത്ത് 2015 മെയ് അഞ്ചിന് ജാതി സര്‍വേ പൂര്‍ത്തിയായിട്ടുള്ളതാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഈ റിപ്പോര്‍ട്ട് ഒന്‍പതുവര്‍ഷമായി മൃതാവസ്ഥയിലാണ്. അത് കൊണ്ട് തന്നെ പുതുതായി ഒരു സര്‍വേയുടെ ആവശ്യമില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഈ സര്‍വേയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സ്വീകരിക്കാന്‍ തടസങ്ങളില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി (Chief Justice NV Anjaria).
1931ന് ശേഷം ആദ്യമായാണ് ജാതി സര്‍വേ നടത്തുന്നതെന്ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന സിദ്ധരാമയ്യ 2014ലെ ബജറ്റ് സമ്മേളനത്തില്‍ സഭയെ അറിയിച്ചതാണ്. യഥാര്‍ഥത്തില്‍ ജാതി സര്‍വെ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരമുള്ളത്. പിന്നാക്ക റിപ്പോര്‍ട്ടിന് വേണ്ടി മാത്രമാണ് വിവരങ്ങള്‍ ഉപയോഗിച്ചതെങ്കിലും ഇതില്‍ ജാതി പരാമര്‍ശമില്ലെങ്കിലും പ്രശ്‌നങ്ങളില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ 245, 246 വകുപ്പുകള്‍ പ്രകാരം കേന്ദ്രസര്‍ക്കാരിന് മാത്രമാണ് ജാതി സര്‍വെ നടത്താന്‍ അധികാരമുള്ളത്. സംസ്ഥാന സര്‍ക്കാരിന് ഇതിന് അധികാരമില്ല. സംസ്ഥാന പിന്നാക്ക കമ്മിഷനും ജാതി അടിസ്ഥാനത്തിലുള്ള സര്‍വെ നടത്താന്‍ അധികാരമില്ല. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ സര്‍വെ നടത്തിയിരിക്കുന്നു. മുഖ്യമന്ത്രി ഇതിന്‍റെ റിപ്പോര്‍ട്ട് സ്വീകരിച്ചിട്ടുമുണ്ട്. സാഹചര്യങ്ങള്‍ പരിഗണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തടസമില്ലെന്നും ഇവര്‍ വാദിച്ചു.
ജാതി അനുസരിച്ച് വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക സ്ഥിതിയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്നും കോടതി ചോദിച്ചു. ജാതി അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സാമൂഹ്യ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അത് സ്വീകരിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെ നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവുകളൊന്നും നിലവിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാദങ്ങള്‍ കേട്ടശേഷം ഇക്കാര്യത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.
Also Read: ബിജെപിക്കെതിരെ അപകീര്‍ത്തി കേസെടുത്തതില്‍ തെറ്റില്ല ; കര്‍ണാടക ഹൈക്കോടതി വിധി