റാഞ്ചി : തനിക്കെതിരെയുള്ള മാനനഷ്‌ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി. വിചാരണ കോടതിയിലെ തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നാണ് രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് അംബുജ്‌നാഥിന്‍റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
2018ലാണ് കേസിനാസ്‌പദമായ സംഭവം. അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. ബിജെപി നേതാവായ നവീന്‍ ഝായാണ് രാഹുലിനെതിരെ പരാതി നല്‍കിയത്.
ചായ്‌ബാസയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ പരാതി നല്‍കിയത്. ഫെബ്രുവരി 16ന് രാഹുല്‍ ഗാന്ധിയുടെ വാദം കേട്ട കോടതി കേസ് വെള്ളിയാഴ്‌ചയിലേക്ക് (ഫെബ്രുവരി 23) മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ കേസ് പരിഗണിച്ച കോടതി ഹര്‍ജി തള്ളുകയും ചെയ്‌തു.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മറ്റൊരു അപകീര്‍ത്തി പരാമര്‍ശ കേസില്‍ കഴിഞ്ഞ ദിവസം യുപി സുല്‍ത്താന്‍പൂര്‍ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിരുന്നു. 2018ല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശമാണ് കേസിന് കാരണമായത്. അമിത് ഷാക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്. ബിജെപി നേതാവായ വിജയ് മിശ്ര നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്‌ട കേസെടുത്തത്.