ഹത്രാസ് (ഉത്തർപ്രദേശ്): ഹത്രാസില്‍ തിക്കിലും തിരക്കിലുംപെട്ട് 123 പേർ മരിച്ച സംഭവത്തിൽ 6 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സിക്കന്ദ്ര റാവോ ജില്ലാ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് (എസ്‌ഡിഎം), സർക്കിൾ ഓഫിസർ (സിഒ), സബ് ഇൻസ്‌പെക്‌ടർ, തഹസിൽദാർ, കചോര ചൗക്കി ഇൻചാർജ്, പോറ ചൗക്കി ഇൻചാർജ് എന്നിവർക്കാണ് സസ്‌പെൻഷൻ. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സ്ഥലം സന്ദർശിക്കുകയോ മേലധികാരികളെ വിവരമറിയിക്കുകയോ ചെയ്‌തില്ലെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. പരിപാടിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സംഘാടകരും പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥരും പൊലീസും ഉള്‍പ്പെടെ വീഴ്‌ച വരുത്തി. പ്രസ്‌തുത ഉദ്യോഗസ്ഥർ പരിപാടി ഗൗരവമായി എടുത്തില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
എസ്ഐടി ഏകദേശം 300 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ടിൽ എവിടെയും ഭോലെ ബാബ എന്ന സുരാജ് പാലിന്‍റെ പേരില്ല. ഭോലെ ബാബയുടെ സത്സംഗത്തിനിടെയായിരുന്നു ദുരന്തമുണ്ടായത്. അനുവദനീയമായിട്ടുളള സത്സംഗത്തിൽ, 2.5 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതാണ് ദുരന്തത്തിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. 80,000 ആളുകളെ പ്രവേശിപ്പിക്കാന്‍ മാത്രമാണ് ഭരണകൂടം അനുമതി നൽകിയത്.
അനുവദനീയമായതിലും കൂടുതൽ ആളുകളെ ക്ഷണിച്ചതിന് സത്സംഗം സംഘടിപ്പിച്ച സമിതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കാണിച്ച് ആളുകളുടെ മൊഴി രേഖപ്പെടുത്തി. അഡ്‌മിനിസ്‌ട്രേറ്റീവ്, പൊലീസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ദൃക്‌സാക്ഷികൾ എന്നിവരുൾപ്പെടെ മൊത്തം 125 വ്യക്തികളിൽ നിന്നാണ് മൊഴികൾ ശേഖരിച്ചത്. മൊഴികൾ രേഖപ്പെടുത്തിയ ശേഷം ചൊവ്വാഴ്‌ച (09/07/24) റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു.
ALSO READ: 'ഹത്രാസ് ദുരന്തത്തിൽ നഷ്‌ടപരിഹാര തുക വർധിപ്പിക്കണം'; യോഗിക്ക് കത്തെഴുതി രാഹുൽ ഗാന്ധി