ന്യൂഡല്‍ഹി: ഹരിയാന, ജമ്മുകശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം പ്രതീക്ഷ തെല്ലും കൈവിടാതെ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്.
ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്‌മീരില്‍ തൂക്ക് സഭയ്ക്കുള്ള സാധ്യത തള്ളാനാകില്ലെന്നുമുള്ള എക്‌സിറ്റ് പോളുകള്‍ക്കിടെയാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന ഹരിയാന, ജമ്മുകശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകള്‍ വീതമാണ് ഉള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്‌മീരില്‍ 63.45 ശതമാനം പോളിങും രേഖപ്പെടുത്തി.
എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്. പത്ത് മണിയോടെ ചിത്രം വ്യക്തമാകും. ഹരിയാനയില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ടിരുന്നു. ബിജെപി ഹാട്രിക് പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ലെന്ന വികാരം നേതാക്കള്‍ തന്നെ പങ്കുവയ്ക്കുന്നുണ്ട്.
കേന്ദ്രത്തിനൊപ്പം സംസ്ഥാനത്തും പത്ത് വര്‍ഷമായി ബിജെപിയാണ് ഭരണത്തിലുള്ളത്. കര്‍ഷക പ്രക്ഷോഭം, ഗുസ്‌തിതാരങ്ങളുടെ പ്രതിഷേധം, അമിത്ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകങ്ങളും ബിജെപിക്ക് മുന്നിലുണ്ട്. തൊഴിലില്ലായ്‌മ സംസ്ഥാനത്തെ വലിയ വിഷയമാണ്. ഇതിന് പുറമെ ഗുസ്‌തിതാരങ്ങളുടെ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ചര്‍ച്ചയായി. ജാട്ടുകളുടെ പ്രശ്‌നങ്ങളും കര്‍ഷക പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് വിഷയങ്ങളായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പത്ത് വര്‍ഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്ന കശ്‌മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ആ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സീറ്റെണ്ണത്തില്‍ കുറവുണ്ടായാല്‍ അത് പരിഹരിക്കാന്‍ സഖ്യത്തിലേക്ക് പിഡിപിയെ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്‌ദുള്ള ക്ഷണിച്ച് കഴിഞ്ഞു. തൂക്ക് സഭയ്ക്ക് സാധ്യത തെളിഞ്ഞാല്‍ സ്വതന്ത്രന്‍മാരുടെ നിലപാടും അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലഫ്‌റ്റനന്‍റ് ഗവര്‍ണറുടെ സവിശേഷാധികാരവുമൊക്കെ നിര്‍ണായകമാകും. സുരക്ഷ ഘടകങ്ങള്‍ മുന്‍നിര്‍ത്തി ജമ്മുകശ്‌മീരില്‍ വോട്ടെണ്ണല്‍ നേരത്തെ തുടങ്ങുമെന്നും സൂചനയുണ്ട്.
Also Read: . എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിന് ആശ്വാസം; ഹരിയാനയില്‍ തൂത്തുവാരും, ജമ്മുകശ്‌മീരില്‍ ഇന്ത്യ സഖ്യത്തിന് സാധ്യത