ഗുജറാത്ത് : രാജ്‌കോട്ട് നഗരത്തിലെ ഗെയിമിങ് സോണിൽ വൈകുന്നേരം ഉണ്ടായ വൻ തീപിടിത്തത്തിൽ കുട്ടികളടക്കം 25 പേർ കൊല്ലപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാനും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് ഗുജറാത്ത് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും എസ്ഐടി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു.
നാനാ മാവ റോഡിൽ സ്ഥിതി ചെയ്യുന്ന ടിആർപി ഗെയിമിങ് സോണിലെ താത്‌കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വേനൽ അവധിയായതിനാൽ മരിച്ചവരില്‍ കൂടുതല്‍ കുട്ടികളും ഉൾപ്പെടുന്നു.
'ഉച്ചയോടെ ടിആർപി ഗെയിമിങ് സോണിൽ തീപിടിത്തമുണ്ടായി. രക്ഷാപ്രവർത്തനം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണ്. കഴിയുന്നത്ര മൃതദേഹങ്ങൾ പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്' -രാജ്‌കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ എഎൻഐയോട് പറഞ്ഞു.
25 മൃതദേഹങ്ങൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഗെയിമിങ് സോൺ യുവരാജ് സിങ് സോളങ്കി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. അശ്രദ്ധയ്ക്ക് കേസ് രജിസ്‌റ്റർ ചെയ്യുമെന്നും രക്ഷാപ്രവർത്തനം പൂർത്തിയാക്കിയാലുടൻ കൂടുതൽ അന്വേഷണം നടത്തുമെന്നും രാജു ഭാർഗവ കൂട്ടിച്ചേര്‍ത്തു.
'രാജ്‌കോട്ടിലെ തീപിടിത്ത ദുരന്തം ഹൃദയഭേദകമാണ്. ഈ സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ട വ്യക്തികളോടും അവരുടെ കുടുംബങ്ങളോടും ഞാൻ എൻ്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു' -ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എക്‌സിൽ കുറിച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച് മുഴുവൻ സംഭവവും അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ചതായി വിവരങ്ങള്‍ പുറത്തു വരുന്നു. തീ അണയ്ക്കാൻ രാജ്‌കോട്ട് ഫയർ ബ്രിഡ്‌ജിൻ്റെ എട്ട് ടീമുകൾ രംഗത്തിറങ്ങിയതായി അധികൃതർ അറിയിച്ചു. ഗെയിമിങ് സോൺ പൂര്‍ണമായും കത്തി നശിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിലാണ് ഭരണകൂടത്തിൻ്റെ അടിയന്തര ശ്രദ്ധയെന്ന് രാജ്‌കോട്ട് മുനിസിപ്പൽ കമ്മിഷണർ ആനന്ദ് പട്ടേൽ അറിയിച്ചു.
ALSO READ: ഛത്തീസ്‌ഗഡില്‍ സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍; 2 നക്‌സലുകൾ കൊല്ലപ്പെട്ടു