ഛത്തീസ്‌ഗഡ് : ബീജാപൂരിലെ ജപ്പേമർക, കാംകനാർ വനത്തിൽ ഞായറാഴ്‌ച സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. വയർലെസ് സെറ്റുകൾ, മാവോയിസ്‌റ്റ് യൂണിഫോം, മരുന്നുകൾ, നിരോധിത മാവോയിസ്‌റ്റ് സംഘടനയുടെ പ്രചരണ സാമഗ്രികൾ, സാഹിത്യങ്ങൾ, മറ്റ് ദൈനംദിന ഉപയോഗ സാമഗ്രികൾ എന്നിവ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തുവെന്നും ബീജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു.
ഛത്തീസ്‌ഗഡിലെ നാരായൺപൂർ, ബിജാപൂർ ജില്ലകളുടെ അതിർത്തി പ്രദേശത്ത് സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ എട്ട് നക്‌സലൈറ്റുകൾ വ്യാഴാഴ്‌ച കൊല്ലപ്പെട്ടിരുന്നു. നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ എന്നീ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തവെ സുരക്ഷ സേനയ്‌ക്ക് നേരെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
നേരത്തെ ഛത്തീസ്‌ഗഡിലെ ബസ്‌തർ മേഖലയിലെ കാങ്കറിൽ നടന്ന ഏറ്റുമുട്ടലിൽ 29 നക്‌സലുകൾ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.