ഹുബ്ബള്ളി : 5,555 കിലോ വരുന്ന 10 രൂപാ നാണയങ്ങൾ കൊണ്ട് തുലാഭാരം. ശിരഹട്ടി ഭവൈഖ്യത സൻസ്ഥാൻ്റെ മുതിർന്ന പുരോഹിതന്‍ സിദ്ധരാമ സ്വാമിജിയുടെ 75-ാം ജന്മദിനത്തിന്‍റെ ഭാഗമായാണ് ഗ്രാൻഡ് ജംബോ തുലാഭാരം നടത്തിയത്. അമൃത മഹോത്സവം എന്ന പേരിലുള്ള ചടങ്ങുകളുടെ ഭാഗമായാണ് ജംബോ സവാരിയും ജംബോ തുലാഭാരവും സംഘടിപ്പിച്ചത്. തുലാഭാര തട്ടിന്‍റെ ഒരുവശത്ത് മഠത്തിലെ ആനയും പൂജാരിയും മറുവശത്ത് 5,555 കിലോഗ്രാം വരുന്ന 10 രൂപയുടെ നാണയങ്ങളും വച്ചാണ് തുലാഭാരം നടത്തിയത്.
സിദ്ധരാമ സ്വാമിജിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഭവൈഖ്യത രഥയാത്രയും സംഘടിപ്പിച്ചിരുന്നു. തുലാഭാരത്തിന് മുന്നോടിയായി ഹുബ്ബള്ളിയിലെ മൂന്ന് മുരു സവീര മഠങ്ങളിൽ നിന്ന് അഞ്ച് വീതം ആനകളും ഒട്ടകങ്ങളും കുതിരകളും അടക്കം നിരവധി പേർ പ്രദക്ഷിണത്തിൽ അണിനിരന്നു. ഫക്കീര സിദ്ധരാമ സ്വാമിജി, ദിംഗലേശ്വർ സ്വാമിജി ഉൾപ്പടെ മൂവായിരം മഠങ്ങളില്‍ നിന്നുള്ള മൂജഗു സ്വാമിമാരും നൂറിൽ കൂടുതൽ മഠാധിപതികളും മഹാഘോഷയാത്രയിൽ പങ്കാളികളായി.
ഇന്ത്യയിൽ ആദ്യമായാണ് ആനയും അമ്പാരിയും ഉൾപ്പെടുന്ന ഇത്രയും വലിയ തുലാഭാരം നടക്കുന്നത്. തുലാഭാരം നടത്തുന്നതിനായി 25 ടൺ ഭാരവും 40 അടി നീളവും 30 അടി ഉയരവും 20 അടി വീതിയുമുള്ള കൂറ്റൻ തുലാഭാരത്തട്ട് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതിനായി 22 ലക്ഷം രൂപയാണ് ചെലവായത്.റായ്‌പൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കമ്പനിയാണ് ഇത് നിർമിച്ചത്. അതേസമയം തുലാഭാരം നടത്താൻ ഉപയോഗിച്ച 5555 കിലോഗ്രാം ഭാരമുള്ള 10 രൂപാ നാണയങ്ങൾ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായത്തിനായി വിനിയോഗിക്കും.
മന്ത്രി എച്ച്.കെ. പാട്ടീൽ, ഈശ്വർ ഖന്ദ്രെ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് ബി വൈ വിജയേന്ദ്ര, മുൻ പരിഷത്ത് അംഗം ജഗദീഷ് ഷെട്ടാർ, ചെയർമാൻ ബസവരാജ ഹൊറട്ടി, എംഎൽഎ മഹേഷ് തെങ്ങിനകൈ, എംഎൽഎ അരവിന്ദ ബെല്ലഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.