മഥുര : ഭഗവാന്‍ കൃഷ്‌ണന്‍റെ ജന്മദിനമായ ജന്മാഷ്‌ടമി ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി ശ്രീകൃഷ്‌ണന്‍റെ ജന്മസ്ഥലമായ മഥുരയും വൃന്ദാവനവും. അഷ്‌ടമി രോഹിണിക്കുള്ള ഒരുക്കങ്ങൾ ക്ഷേത്രങ്ങളില്‍ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങള്‍ അലങ്കരിക്കുകയും ഭക്തർക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തു. ആഗസ്റ്റ് 26, 27 തീയതികളിൽ മഥുരയിലും വൃന്ദാവനത്തിലും ജന്മാഷ്‌ടമി ആഘോഷിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ഒരു കൂട്ടം ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ശ്രീകൃഷ്‌ണ ജന്മസ്ഥാന പരിസരം ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് വർണാഭമായ വിളക്കുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാസലീല ആസ്വദിക്കുന്നതിനും ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനും തീർഥാടകരുടെ പ്രവാഹമായിരിക്കും ഈ ദിനങ്ങളില്‍.
മഥുരയിൽ, ക്ഷേത്രങ്ങൾ മാത്രമല്ല, പ്രധാന കടവുകളും വർണാഭമായ വിളക്കുകൾ കൊണ്ട് പ്രകാശിക്കുന്നു. തീർഥാടകർ പുണ്യനഗരത്തിൽ പ്രവേശിക്കുമ്പോൾ തന്നെ അഷ്‌ടമി രോഹിണിയുടെ പ്രഭ അനുഭവപ്പെടുന്ന തരത്തിലാണ് നഗരത്തെ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ശ്രീകൃഷ്‌ണ ജന്മസ്ഥാനം ട്രസ്റ്റി ഗോപേശ്വർ നാഥ് ചതുർവേദി പറയുന്നു. വേദ ശ്ലോകങ്ങളുടെയും ശംഖ് നാദത്തിന്‍റെയും താളമേളങ്ങളുടെയും അകമ്പടിയോടെ രാധാ-കൃഷ്‌ണന്‍റെയും മറ്റ് ദേവതകളുടെയും വസ്‌ത്രം ധരിച്ച പുരോഹിതരുടെ ഘോഷയാത്ര തിങ്കളാഴ്‌ച ഉണ്ടാകുമെന്ന് ശ്രീകൃഷ്‌ണ ജന്മസ്ഥാനം സേവാ സൻസ്ഥാന്‍ സെക്രട്ടറി കപിൽ ശർമ പറഞ്ഞു. വിവിധ ക്ഷേത്രങ്ങളിലായാണ് ഈ വസ്‌ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച രാവിലെയാണ് ഇവ പുറത്തെടുക്കുക.
കംസന്‍റെ ജയിൽ ആയിരുന്ന ഗർഭഗൃഹ ക്ഷേത്രത്തിന്‍റെ അവസാന മിനുക്കുപണികൾ നടക്കുകയാണെന്നും ഭഗവാന്‍റെ ജനന സമയമായിരുന്ന ദ്വാപരയുഗത്തിന്‍റെ നേര്‍ക്കാഴ്‌ച പ്രദർശിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ശർമ കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ ഘോഷയാത്രകളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത്, വിശേഷിച്ചും മറ്റ് സമുദായങ്ങളുടെ മതപരമായ സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോൾ, വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അത്തരം അനിഷ്‌ട സംഭവങ്ങളോ സംഘർഷങ്ങളോ ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും സാഹചര്യം സൂക്ഷ്‌മമായി കൈകാര്യം ചെയ്യാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.
സാധാരണയായി 12 മണിക്കൂർ തുറന്നിരിക്കുന്ന കൃഷ്‌ണ ജന്മസ്ഥാന ക്ഷേത്രം ഓഗസ്റ്റ് 26 ന് 20 മണിക്കൂർ തുറന്ന്, ഭക്തർക്ക് തടസമില്ലാതെ ദർശനം അനുവദിക്കുമെന്ന് ശ്രീകൃഷ്‌ണ ജന്മസ്ഥാൻ സേവാ സൻസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുലർച്ചെ 5.30-ന് മംഗള ആരതി, പഞ്ചാമൃത അഭിഷേകം, പുഷ്‌പാഞ്ജലി എന്നിവയോടെ ക്ഷേത്രത്തിലെ ആഘോഷങ്ങൾ ആരംഭിക്കുമെന്ന് സന്‍സ്ഥാൻ ഭാരവാഹികൾ അറിയിച്ചു.
സന്ത് നൃത്യ ഗോപാൽ ദാസിന്‍റെ നേതൃത്വത്തിൽ 'മഹാ അഭിഷേക' ചടങ്ങ് രാത്രി 11 മണിക്ക് ആരംഭിച്ച് 12.40 വരെ തുടരും. പുലർച്ചെ 2 മണിക്ക് 'ശയൻ ആരതി'യോടെ ചടങ്ങ് സമാപിക്കും. രണ്ട് പ്രധാന ഘോഷയാത്രകളും പ്രധാന നഗര വിപണികളെ ഉൾക്കൊള്ളുന്ന ആത്മീയ ശോഭാ യാത്രയും ഈ ദിവസം നടക്കും.
അതേസമയം, വൃന്ദാവനിലെ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ ജന്മാഷ്‌ടമി രാത്രിയില്‍ നടക്കുന്ന മംഗള ആരതിയിൽ പങ്കെടുക്കാൻ 1,000 ഭക്തർക്ക് മാത്രമേ അനുമതിയുള്ളൂ എന്ന് ആഗ്ര ഡിവിഷണൽ കമ്മിഷണർ റിതു മഹേശ്വരി അടുത്തിടെ അറിയിച്ചിരുന്നു. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനാണ് തുടർച്ചയായ രണ്ടാം വർഷവും ഈ നിയന്ത്രണം തുടരുന്നതെന്നും അവർ വ്യക്തമാക്കി. ജന്മാഷ്‌ടമി ആഘോഷവേളയിൽ വൃന്ദാവനിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ പ്രാർഥനകൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് 16-ന് നിർദേശിച്ചിരുന്നു.
ശുചിത്വ പരിപാലനത്തിന് 22 ക്വിക്ക് റെസ്‌പോൺസ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും മഥുരയിൽ 14 ടീമുകളെയും വൃന്ദാവനത്തിൽ എട്ട് ടീമുകളെയും വിന്യസിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ കമ്മിഷണർ ശശാങ്ക് ചൗധരി അറിയിച്ചു. ഭക്തർ ഉപയോഗിക്കുന്ന വഴികൾ വൃത്തിയുള്ളതാണെന്നും മാലിന്യക്കൂമ്പാരം ഇല്ലെന്നും ഈ ടീമുകൾ ഉറപ്പാക്കും. മാലിന്യം തള്ളുന്നത് തടയുന്ന കർശന വ്യവസ്ഥകളോടെ മാത്രമേ സമൂഹ വിരുന്നുകൾ അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : ശ്രീകൃഷ്‌ണ ജയന്തി നാളെ; ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ