ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ്. യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിങ് ക്രമീകരണങ്ങൾ സംബന്ധിച്ച് ചൈനയുമായി കരാറിലെത്തിയെന്ന മോദി സർക്കാരിന്‍റെ പ്രഖ്യാപനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
അതിര്‍ത്തി തര്‍ക്കത്തിന് മുമ്പ് 2020 മാർച്ചിൽ നിലനിന്നിരുന്ന പഴയ സ്ഥിതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഈ വിഷയത്തിൽ ഇന്ത്യയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും നടത്തുന്ന ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായാണ് കേന്ദ്രത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി രംഗത്തെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോദി സര്‍ക്കാരിന്‍റേത് കുറ്റസമ്മതം:
ചൈനയുമായി ബന്ധപ്പെട്ട അതിര്‍ത്തി തര്‍ക്കത്തില്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ കുറ്റസമ്മതം ആണെന്നും ജയറാം രമേശ് ആരോപിച്ചു. മുഴുവൻ പ്രതിസന്ധികളോടും മോദി സർക്കാരിന്‍റെ സമീപനം ജനങ്ങളെ പറ്റിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'നിഷേധിക്കുക, ശ്രദ്ധ തിരിക്കുക, കള്ള പറയുക, ന്യായീകരിക്കുക' എന്നീ വാക്കുകളുമായാണ് മോദി സര്‍ക്കാരിന്‍റെ സമീപനത്തെ കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചത്.
ചൈനയുമായി കരാറിലെത്തിയ കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കൂടി തയ്യാറാകണം. അതിര്‍ത്തിയില്‍ പട്രോളിങ് നടത്താൻ ഇന്ത്യൻ സൈനികർക്ക് കഴിയുമോ തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പട്രോളിങ് നടത്തുന്നത് പോലെ ഇന്ത്യൻ സൈനികര്‍ക്കും പട്രോളിങ് നടത്താൻ സാധിക്കുമോ എന്നും ജയറാം രമേശ് ചോദിച്ചു.
ഇന്ത്യൻ സൈനികര്‍ക്ക് പട്രോളിങ് നടത്താൻ സാധിക്കുമോ?
നാല് വർഷത്തിലേറെയായി അതിർത്തിക്ക് പുറത്തുള്ള ഡെംചോക്കിലെ മൂന്ന് പട്രോളിങ് പോയിന്‍റുകളിലേക്ക് നമ്മുടെ സൈനികർക്ക് എത്തിച്ചേരാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ലഡാക്ക് അതിര്‍ത്തിയിലെ പ്രദേശങ്ങളായ ഹെൽമറ്റ് ടോപ്പ്, മുക്‌പ റേ, റെസാങ് ലാ, റിഞ്ചെൻ ലാ, ടേബിൾ ടോപ്പ്, ഗുരുങ് ഹിൽ എന്നിവിടങ്ങളിലെ പരമ്പരാഗത മേച്ചിൽസ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ഇന്ത്യൻ ആട്ടിടയന്മാര്‍ക്ക് സാധിക്കുമോ എന്നതും കേന്ദ്രം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
2020 ജൂണിലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യൻ ചൈനീസ് സൈന്യകര്‍ തമ്മിലുള്ള ഏറ്റമുട്ടലുകളും ഉണ്ടായിരുന്നു. നാല് വര്‍ഷത്തിന് ശേഷം സംഘര്‍ഷത്തില്‍ അയവ് വരുത്തി നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് കരാറിലെത്തിയെന്ന് കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും അറിയിച്ചിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈനിക സാന്നിധ്യം കുറയ്‌ക്കാനും പട്രോളിങ് നടത്താനുമാണ് ധാരണയിലെത്തിയത്.
Read Also: ചൈനയും സ്ഥിരീകരിച്ചു; കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് ലിന്‍ ജിയാന്‍