ശ്രീനഗർ : ദേശവിരുദ്ധ പ്രവർത്തനങ്ങളും മയക്കുമരുന്ന് കടത്തും ആരോപിച്ച് നാല് ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്‌മീർ സർക്കാർ. രണ്ട് പൊലീസ് കോൺസ്റ്റബിൾ, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ അസിസ്റ്റൻ്റ്, ഗ്രാമവികസന, പഞ്ചായത്ത് രാജിലെ ഗ്രാമതല പ്രവർത്തകനെയുമാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.
ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ബന്ധമുണ്ടായിരുന്ന ഇവരെ ഇന്ത്യൻ ഭരണഘടനയുടെ 311-ാം അനുച്ഛേദം അനുസരിച്ചാണ് പിരിച്ചുവിട്ടത്. ഈ ജീവനക്കാരുടെ പ്രവർത്തനങ്ങൾ എൻഫോഴ്‌സിൻ്റെയും രഹസ്യാന്വേഷണ ഏജൻസിയുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇവർക്ക് ബന്ധമുളളതായി കണ്ടെത്തിയെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.
കോൺസ്റ്റബിളായ ഇംതിയാസ് അഹമ്മദ് ലോൺ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്‌തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുപ്‌വാര ജില്ലയിലെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ അസിസ്റ്റൻ്റായ ബാസിൽ അഹമ്മദ് മിർ, ലോലാബ് പരിസരങ്ങളിൽ മയക്കുമരുന്ന് സംഘത്തെ വളർത്തിയെടുക്കുന്നതിൽ പ്രധാനിയായി പ്രവർത്തിച്ചിരുന്നെന്ന് കണ്ടെത്തി. ഇയാള്‍ മയക്കുമരുന്ന് വസ്‌തുക്കൾ കടത്തുന്നതിൽ പ്രധാനിയാണെന്നാണ് പൊലീസ് പറയുന്നത്.
കോണ്‍സ്റ്റബിള്‍ മുഷ്‌താഖ് അഹമ്മദ് പിർ, കുപ്‌വാരയിലെ അതിർത്തി പ്രദേശത്ത് താമസിക്കുന്ന ആളായതിനാൽ പാകിസ്ഥാൻ അതിർത്തിയിലുളള മയക്കുമരുന്ന് കടത്തുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. വടക്കൻ കശ്‌മീരിൽ ഇയാള്‍ പ്രവര്‍ത്തിപ്പിക്കുന്ന മയക്കുമരുന്ന് ശൃംഖല തന്നെയുണ്ട്. ഗ്രാമതല ജീവനക്കാരനായ മൊഹമ്മദ് സായിദ് ഷാ, മയക്കുമരുന്ന് കച്ചവടക്കാരനാണ്.
പാക് അധിനിവേശ കശ്‌മീരിൻ്റെ അതിർത്തിക്ക് കുറുകെയുള്ള മയക്കുമരുന്ന് കടത്തുകാരിൽ നിന്ന് സായിദിന് ഹെറോയിൻ വൻതോതിൽ ലഭിച്ചിരുന്നു. വടക്കൻ കശ്‌മീരിൽ മയക്കുമരുന്ന് സംഘത്തെ ഉണ്ടാക്കിയെടുക്കുന്നതില്‍ മുൻപന്തിയിലായിരുന്നു ഇയാള്‍.