ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കു ചേര്‍ന്ന് ഗൂഗിളും. ഡൂഡിലൊരുക്കിയാണ് ഗൂഗിള്‍ രാജ്യത്തിന്‍റെ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്(75th Republic Day). വിവിധ കാലഘട്ടങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ വ്യത്യസ്‌ത സ്ക്രീനുകളിലായി ഡൂഡിലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു (Google doodle). ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയിലും കളര്‍ ടിവിയിലും ഏറ്റവും ഒടുവില്‍ സ്മാര്‍ട്ട്ഫോണിന്‍റെ സ്ക്രീനിലുമായി ആണ് പരേഡ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഒട്ടകപ്പുറത്തുള്ള പരേഡുകള്‍ മുതല്‍ വ്യോമസേനയുടെ ആകാശ വിസ്‌മയം വരെ ഇതില്‍ അണിനിരത്തിയിട്ടുണ്ട്.
വൃന്ദ സവേരി എന്ന കലാകാരിയാണ് ഈ ഗൂഗിള്‍ ഡൂഡിലൊരുക്കിയത്. കഴിഞ്ഞ കൊല്ലം ഗുജറാത്തിലെ കലാകാരന്‍ പാര്‍ത്ഥ് കൊതേക്കര്‍ ഒരുക്കിയ കടലാസ് രൂപമാണ് ഗൂഗിള്‍ ഡൂഡിലായി കൊടുത്തിരുന്നത്. രാഷ്ട്രപതി ഭവന്‍, ഇന്ത്യ ഗേറ്റ്, സിആര്‍പിഎഫ്, മാര്‍ച്ച്പാസ്റ്റുകള്‍, ഇരുചക്ര വാഹന റാലി എന്നിവ ഇതില്‍ ആവിഷ്‌കരിച്ചിരുന്നു.
1950 ജനുവരി 26നാണ് നമ്മുടെ രാജ്യത്തെ ഭരണഘടനയെ അംഗീകരിച്ച് കൊണ്ട് സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചത്. 1947 ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യം പ്രാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ഭരണഘടനാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രണ്ട് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും തിരുത്തലിനും ശേഷം ഭരണഘടനാ നിര്‍മ്മാണ സമിതി രൂപം കൊടുത്ത കരടിന് അംഗീകാരം നല്‍കി. ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയാണ് നമ്മുടേത്. ഭരണഘടന നിലവില്‍ വന്നതോടെ ജനാധിപത്യത്തിനും നമ്മുടെ പ്രതിനിധികളെ സ്വയം തെരഞ്ഞെടുക്കാനും അവസരം ലഭിച്ചു.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യമെമ്പാടും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീരരക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ചുള്ള പുഷ്പചക്ര സമര്‍പ്പണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. പിന്നീട് രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടക്കും. തുടര്‍ന്ന് രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്കാരിക ചരിത്രം വിളംബരം ചെയ്യുന്ന നിശ്ചല ദൃശ്യങ്ങളും തെരുവിനെ വര്‍ണാഭമാക്കി കടന്നുപോകും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണാണ് ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ മാസം 29ന് വൈകിട്ട് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റോടെയാണ് റിപ്പബ്ലിക് ആഘോഷ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാവുക.
Also Read: കടലാസിലെ ഇന്ത്യ; റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ പ്രതീകാത്മക വിവരങ്ങൾ ഉൾകൊള്ളിച്ച് ഗൂഗിൾ ഡൂഡിൽ