ഹൈദരാബാദ്: ഇൻ്റർനാഷണൽ കമ്മോഡിറ്റീസ് ഓർഗനൈസേഷൻ്റെയും തെലങ്കാന സംസ്ഥാന സർക്കാരിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്ലോബൽ റൈസ് സമ്മിറ്റ്-2024 (ലോക അരി ഉച്ചകോടി) ഈ മാസം ഏഴ്, എട്ട് തീയതികളിൽ ഹൈദരാബാദിൽ നടക്കും. ഇതാദ്യമായാണ് ഇന്ത്യ ഗ്ലോബൽ റൈസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അരി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം എന്ന നിലയിലാണ് തെലങ്കാനയെ സമ്മിറ്റിനുള്ള വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
കൺസോർഷ്യം ഓഫ് ഇൻ്റർനാഷണൽ റൈസ് റിസർച്ച് ഓർഗനൈസേഷൻസ്, റൈസ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഉത്തർപ്രദേശ് ചന്ദ്രശേഖർ ആസാദ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, ഒഡീഷ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, റൈസ് എക്‌സ്‌പോർട്ടേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, എഫ്ഐസിസിഐ, തുടങ്ങി മറ്റ് സംഘടനകളും പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ 30 ഓളം രാജ്യങ്ങളിൽ നിന്നുള്ള അരി കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നവരുടെ പ്രതിനിധികൾ, അനുബന്ധ സ്ഥാപനങ്ങൾ, തെലങ്കാനയിലെ ഉദ്യോഗസ്ഥർ, ശാസ്‌ത്രജ്ഞർ, കർഷകർ എന്നിവരും സമ്മിറ്റില്‍ പങ്കെടുക്കും.
ലോകത്ത് നെൽക്കൃഷിയുടെ പ്രാധാന്യം വർധിപ്പിക്കുക, വിസ്‌ത്യതി കൂട്ടുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കൃഷിക്കുള്ള സാങ്കേതിക സഹായം ലഭ്യമാക്കുക, അരി വ്യവസായത്തെ ആഗോളവൽക്കരിക്കുക, കയറ്റുമതി വർധിപ്പിക്കുക എന്നിവയാണ് സമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യം. ലോകമെമ്പാടും അരി ഉപഭോഗം വർധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നെൽകൃഷിയിൽ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുക, കൃഷിചെയ്യ്‌ത് കാലാവസ്ഥമാറ്റത്തെ അതിജീവിക്കുക, ക്യഷിയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം കൂട്ടുക എന്നി വിഷയങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.
''ഇന്ത്യ ആദ്യമായി വേൾഡ് റൈസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ അതിന് തെലങ്കാന വേദിയാകുന്നതിൽ ഞാന്‍ അഭിമാനിക്കുന്നു. നമുക്ക് ഇത് പ്രയോജനപ്പെടുത്തണം. നെൽകൃഷിയിൽ നമ്മുടെ സംസ്ഥാനം മുൻപന്തിയിലാണ്. നിലവിൽ, ലോകത്തെ പല രാജ്യങ്ങളും അരി ഇറക്കുമതിക്കായി ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. ഈ അവസരം ശരിയായി വിനിയോഗിച്ചാൽ, നമ്മുടെ രാജ്യത്തെ കർഷകർക്ക് പ്രത്യേകിച്ച് തെലങ്കാനയിലെ കർഷകർക്ക് വലിയ വിപണി ലഭിക്കുന്നതിനും ഉത്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുന്നതിനും കാരണമാകും" എന്ന് തെലങ്കാനയിലെ കൃഷി മന്ത്രി തുമ്മല നാഗേശ്വര റാവു പറഞ്ഞു.
Also Read: 'ബിആര്‍എസ് വോട്ടുമറിച്ചു' ; കെസിആറിൻ്റെ കുടുംബം ബിജെപിക്ക് ആത്മാഭിമാനം പണയംവച്ചെന്ന് രേവന്ദ് റെഡ്ഡി