ബിക്കനീർ : ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുണ്ടാക്കി, പഴുപ്പിച്ച ഇരുമ്പ് കമ്പി വച്ച് പൊള്ളിച്ചു. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ പഞ്ചു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രവാദിക്കെതിരെ കേസെടുത്തു. പരാതിക്ക് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മകളുടെ ആരോഗ്യ നില വഷളായതായിനെ വീട്ടിലെ സ്‌ത്രീകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഗ്രാമത്തിലെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ വയ്യായ്‌ക മാറ്റാന്‍ വീട്ടിൽ പൂജ നടത്തണമെന്ന് മന്ത്രവാദി അറിയിച്ചു. തുടര്‍ന്ന്, മൂന്ന് ദിവസം മുമ്പ് വീട്ടിൽ പൂജ നടത്തിയിരുന്നു.
എന്നാൽ പൂജ കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് വീണ്ടും മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ആത്മാവുണ്ടെന്നാണ് മന്ത്രവാദി പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചത്. തുടര്‍ന്ന് ചികിത്സിക്കാനെന്ന വ്യാജേന ക്ഷേത്രത്തിലെ മുറിയിലേക്ക് കൊണ്ടുപോയി കൈയിലും കാലിലുമായി നിരവധി മുറിവ് ഉണ്ടാക്കിയ ശേഷം പഴുപ്പിച്ച ഇരുമ്പ് കമ്പികള്‍ മുറിവില്‍ പതിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്. ഒളിവില്‍ പോയി പ്രതിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.