മഹാരാഷ്‌ട്ര: ഹോട്ടല്‍ ഉടമ ജയ ഷെട്ടി കൊലക്കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മുംബൈയിലെ പ്രത്യേക കോടതി ജഡ്‌ജി എഎം പാട്ടീലാണ് ശിക്ഷ വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ പ്രതി തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
കേസില്‍ പങ്കുള്ള പ്രതിയുടെ കൂട്ടാളികള്‍ക്ക് നേരത്തെ കോടതി ശിക്ഷ വിധിച്ചിരുന്നു. 2001 മെയ് 4നാണ് കേസിനാസ്‌പദമായ സംഭവം. മുംബൈയിലെ ഗംഗാദേവിയിലെ ഹോട്ടല്‍ ഉടമയായിരുന്ന ജയ ഷെട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഛോട്ടാ രാജന്‍റെ സംഘത്തില്‍ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്ന ജയ ഷെട്ടിയ്‌ക്ക് നേരത്തെ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുമ്പ് തനിക്കുള്ള പൊലീസ് സംരക്ഷണം പിന്‍വലിക്കണമെന്ന് ജയ ഷെട്ടി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹോട്ടലില്‍ വച്ച് ജയ ഷെട്ടി വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഛോട്ടാ രാജനെ പിന്നീട് 2015ല്‍ ബാലി വിമാനത്താവളത്തില്‍ വച്ച് പൊലീസ് പിടികൂടി. തുടര്‍ന്നാണ് തിഹാര്‍ ജയിലില്‍ അടച്ചത്. ജയിലിലെ അതീവ സുരക്ഷയുള്ള രണ്ടാം നമ്പര്‍ മുറിയിലാണ് ഛോട്ടാ രാജനുള്ളത്.
കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രറാഹീമിന്‍റെ കൂട്ടാളിയായിരുന്നു ഛോട്ടാ രാജന്‍. 1993ലെ മുംബൈ സ്‌ഫോടനത്തിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി. രാജന്‍ സദാശിവ് നികല്‍ജെ എന്നാണ് ഛോട്ടാ രാജന്‍റെ യഥാര്‍ഥ പേര്. ബഡാ രാജന്‍ എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്.
Also Read: പൂനെ പോര്‍ഷെ കാര്‍ അപകടം: പ്രതിയുടെ കുടുംബത്തിന് അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ബന്ധം