ദോയ്‌വാല (ഉത്തരാഖണ്ഡ്) : പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടിയതായി ഉത്തരാഖണ്ഡ് പൊലീസ്. കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) നടത്തിയ എസ്ഒ, എഎസ്ഒ തസ്‌തികകളിലേക്കുള്ള എഴുത്തുപരീക്ഷയില്‍ കോപ്പിയടിച്ചതിന് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കേസില്‍ രണ്ട് പേർ ഒളിവിലാണ്.
പരീക്ഷയിലെ കോപ്പിയടിയെക്കുറിച്ച് ഡൂൺ പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്‌പൂരിലെയും ദോയ്‌വാലയിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തുകയായിരുന്നെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. സ്ഥാപനത്തിന്‍റെ അഡ്‌മിനിസ്ട്രേറ്റർമാരുടെ ഒത്താശയോടെയാണ് കോപ്പിയടി നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡ്‌മിനിസ്ട്രേറ്റർമാർ ഉദ്യോഗാര്‍ഥികളിൽ നിന്ന് പണം വാങ്ങുകയും സിസ്റ്റം ഹാക്ക് ചെയ്യുകയും പേപ്പർ മറ്റാരെക്കൊണ്ടെങ്കിലും നോക്കിക്കുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നായി കോപ്പിയടിക്കാൻ ഉദ്യോഗാർഥികളെ സഹായിച്ച നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തതായി സിംഗ് പറഞ്ഞു. സന്ദീപ്, അങ്കിത് ധിമാൻ, ആഷിഷ് ബഹുഗുണ, അർജുൻ എന്നിവരാണ് അറസ്റ്റിലായത്.
ചോദ്യം ചെയ്യലിൽ പ്രസ്‌തുത സ്ഥാപനം നടത്തി വരുന്നത് മോഹിത്തും ദീപക്കും ആണെന്ന വിവരം ലഭിച്ചതായും അവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇരുവരും ഒളിവിലാണ്. എസ്ഒ, എഎസ്ഒ തസ്‌തികകളിലേക്കുള്ള പരീക്ഷ കേന്ദ്ര സര്‍ക്കാരിന്‍റെ ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്ഐആർ ആണ് നടത്തുന്നത്.