ജോധ്പൂർ: മഹാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ 'ഇവിഎം തട്ടിപ്പ്' ആരോപണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. തോല്‍ക്കുമ്പോളാണ് കോണ്‍ഗ്രസ് ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത്. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ വിജയം അവര്‍ വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"ജാർഖണ്ഡിൽ കോൺഗ്രസ് വിജയിച്ചു, ആ വിജയം അവര്‍ വിശദീകരിക്കേണ്ടതുണ്ട്. മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ, ഇക്കൂട്ടര്‍ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഞാനും മറ്റെല്ലാവരും പ്രവചിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴെല്ലാം പാർട്ടികൾ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്ന പ്രവണതയുണ്ട്. സത്യത്തിൽ ഇതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്"- ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തള്ളിക്കളഞ്ഞെന്നും കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി പറഞ്ഞു. "ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ, പരമാവധി നിയമസഭാ സീറ്റുകൾ വൻ ഭൂരിപക്ഷത്തിൽ നേടുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങൾ കോൺഗ്രസിനെയും അവരുടെ പ്രത്യയശാസ്‌ത്രത്തെയും നേതൃത്വത്തെയും പാടേ തള്ളിക്കളഞ്ഞിരിക്കുന്നു. ഭിന്നിപ്പുണ്ടാക്കുന്ന രാഷ്‌ട്രീയം പറയുന്നവരാണിവര്‍. ഇവരുടെ പെരുമാറ്റവും സ്വഭാവവുമാണ് ഇപ്പോൾ വെളിവായിരിക്കുന്നത്"- ഗജേന്ദ്ര സിങ് ഷെഖാവത്ത് വ്യക്തമാക്കി.
ALSO READ: 'തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു'; മഹാരാഷ്‌ട്രയിലെ 'ഇവിഎം ഹാക്ക്' ആരോപണങ്ങളില്‍ സുപ്രിയ സുലെ
അതേസമയം മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മികച്ച വിജയം നേടിയതിന് പിന്നാലെ, ഇവിഎം ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് 288 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 230 സീറ്റുകള്‍ മഹായുതി നേടിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാടിയ്‌ക്ക് 46 സീറ്റുകൾ മാത്രമാണ് നേടാനായത്.