നമ്മുടെ രാജ്യത്തെ തൊഴില്‍സേനയ്ക്ക് സന്തോഷം പകരുന്ന വലിയ വാര്‍ത്തയാണ് പുറത്ത് വന്നത്. ചുരുങ്ങിയ വേതനം എന്നത് മാറ്റി നിന്ന് 2025ഓടെ ജീവിക്കാനുള്ള വേതനം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന പ്രഖ്യാപനമാണിത്. ജീവിക്കാനുള്ള വേതന നിലവാരം നിശ്ചയിക്കുന്നതിനായി രാജ്യാന്തര തൊഴിലാളി സംഘടന (International Labour Organization-ILO) യുമായി ചേര്‍ന്ന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഭവനം, ആരോഗ്യപരിരക്ഷ, ഭക്ഷണം, വസ്‌ത്രം എന്നിവയടക്കം ഉള്‍ക്കൊള്ളുന്നതാകും പുതിയ വേതന സംവിധാനം. അതായത് ചുരുങ്ങിയ വേതനത്തില്‍ നിന്ന് ജീവിക്കാനുള്ള വേതനം എന്ന നിലയിലേക്ക് എത്തുമ്പോള്‍ അത് മികച്ച ജീവിത നിലവാരത്തിലേക്ക് എത്താന്‍ തൊഴിലാളികള്‍ക്ക് സഹായകമാകുന്നു. വ്യക്തികളുടെ മികച്ച ജീവിതത്തിനും സുസ്ഥിര സമൂഹത്തിനും പുതിയ വേതന സംവിധാനം സഹായകമാകും.
1948 മുതലാണ് രാജ്യത്ത് ചുരുങ്ങിയ വേതന നയം നിലവില്‍ വന്നത്. മിനിമം വേതനം എന്നാല്‍ നിശ്ചിത കാലയളവില്‍ ഒരു തൊഴിലാളിയുടെ പ്രകടനത്തിന് തൊഴിലുടമ നല്‍കുന്ന ഏറ്റവും കുറഞ്ഞ വേതനമാണിത്. എന്നാല്‍ ജീവിക്കാനുള്ള വേതനമെന്നാല്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ സാധിച്ചു കൊണ്ട് സാമൂഹ്യ, സാമ്പത്തിക ജീവിതത്തില്‍ പൂര്‍ണമായ ഇടപെടല്‍ ഉറപ്പാക്കുന്നു.
നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും ചുരുങ്ങിയ വേതനത്തില്‍ വ്യത്യാസമുണ്ട്. ഇത് വിവിധ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വ്യവച്ഛേദിച്ചിരിക്കുന്നത്. മേഖല, വാണിജ്യം, നൈപുണ്യം, തൊഴില്‍ ശീലങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ചാകും ഇത്. നമ്മുടെ രാജ്യത്ത് ദേശീയ തലത്തില്‍ ചുരുങ്ങിയ വേതനം 2023ലെ കണക്ക് അനുസരിച്ച പ്രതിദിനം 178 രൂപയാണ്. കുറേ വര്‍ഷങ്ങളായ ഈ ഒരു നിലവാരത്തില്‍ അത് തുടരുകയാണ്. നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ പ്രതിമാസ വേതനം 2,250 മുതല്‍ 70,000 വരെയാണ്. എങ്കിലും ശരാശരി പ്രതിമാസ വേതനം 29,400 രൂപയാണ്. വേതനത്തിലുള്ള ഈ വ്യത്യസ്‌തതയാണ് രാജ്യത്തെ വരുമാന അസമത്വത്തിന് കാരണങ്ങളിലൊന്ന്.
വേതനം, സമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം എന്നിവ നമ്മുടെ രാജ്യത്ത് പരസ്‌പര ബന്ധിതമാണ്. വേതനത്തിലെ മാറ്റങ്ങള്‍ പണപ്പെരുപ്പത്തെ ഉത്പാദനച്ചെലവ്, ഉപഭോക്‌തൃ വാങ്ങല്‍ ശേഷി എന്നിവയിലൂടെ സ്വാധീനിക്കുന്നു. സര്‍ക്കാര്‍ നയങ്ങള്‍, റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മറ്റ് നിരവധി സങ്കീര്‍ണമായ ആഭ്യന്തര ആഗോള ഘടകങ്ങളെല്ലാം നമ്മുടെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുന്നു.
വരുമാനത്തിലെ അസമത്വം നേരിടണമെങ്കില്‍ സുസ്ഥിര ജീവിതം ഉറപ്പാക്കുന്നതിന് വിഭവങ്ങള്‍ എല്ലാവരിലേക്കും തുല്യമായി പങ്കുവയ്ക്കപ്പെടണം. വരുമാനത്തിനലെ അസമത്വം 'ഗിനി കോ എഫിഷ്യന്‍റ്' എന്ന പൊതുവെ അംഗീകരിക്കപ്പെട്ട സങ്കേതം ഉപയോഗിച്ചാണ് കണക്കാക്കുന്നത്. ഇതിലെ സ്‌കോര്‍ പൂജ്യത്തിനും ഒന്നിനുമിടയിലാണ് കണക്കാക്കുന്നത്. പൂര്‍ണമായും തുല്യത ഗിനി കോ എഫിഷ്യന്‍റ് പൂജ്യത്തിലേക്ക് എത്തിക്കുന്നു. പൂര്‍ണമായും അസമത്വം ഒന്നിനെയും സൂചിപ്പിക്കുന്നു. ഗിനി കോ എഫിഷ്യന്‍റ് 2014-15 ലെ 0.472 ല്‍ നിന്ന് 2022-23 ല്‍ 0.402 ല്‍ എത്തി. വരുമാനത്തിലെ അസമത്വത്തിലെ തകര്‍ച്ച വരുമാന സ്‌തൂപികയിലെ താഴെത്തട്ടില്‍ ഗണ്യമായ മാറ്റങ്ങളുണ്ടാക്കി. എങ്കിലും നിര്‍ദ്ദിഷ്‌ടമായ ജീവിക്കാനുള്ള വേതനം എന്ന സമ്പ്രദായം വരുമാന അസമത്വത്തില്‍ കുറവുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയെ ഇത് പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു.
ചരക്കുകളുടെ വില വര്‍ദ്ധന ലോകമെമ്പാടും വലിയ ആശങ്കകളാണുണര്‍ത്തുന്നത്. വേതനത്തിലാകട്ടെ അതിന് തക്ക വര്‍ദ്ധന ഉണ്ടാകുന്നുമില്ല. പണപ്പെരുപ്പം വര്‍ദ്ധിക്കുകയും വേതനത്തില്‍ മാറ്റമില്ലാതെ ഇരിക്കുകയും ചെയ്യുമ്പോള്‍ ഇത് കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് വാങ്ങല്‍ ശേഷി കുറയ്ക്കുന്നു. ജീവിതനിലവാരത്തെയും പിന്നോട്ടടിക്കുന്നു. നിര്‍ണായകമായ സാമ്പത്തിക സാമൂഹ്യ അസ്ഥിരതയ്ക്കും ഇത് കാരണമാകുന്നു.
ഇന്ത്യയുടെ പണപ്പെരുപ്പം മറ്റ് പല വികസ്വര രാജ്യങ്ങളുടേതിനെയും അപേക്ഷിച്ച് കുറവാണ്. 2013ല്‍ 10.02ശതമാനമെന്ന ശരാശരി പണപ്പെരുപ്പനിരക്ക് ആശങ്കാജനകമായിരുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ സാമ്പത്തിക -ധന നയങ്ങള്‍ ഇതിനെ കുറച്ചു കൊണ്ടുവരാന്‍ സഹായിച്ചു. 2024 ഫെബ്രുവരിയില്‍ ഇത് 5.09 ശതമാനത്തിലെത്തി.
പ്രതിശീര്‍ഷ വരുമാനവും ഉപഭോഗ ചെലവും വ്യക്തികളുടെ മികച്ച ജീവിതത്തെയും ഉപഭോക്തൃസ്വഭാവത്തെയും സ്വാധീനിക്കുന്നു. നമ്മുടെ രാജ്യത്തെ 2022-23 വര്‍ഷത്തെ പ്രതീശീര്‍ഷ ദേശീയ വരുമാനം 172,000 രൂപയിലെത്തി നില്‍ക്കുന്നു. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014-15 വര്‍ഷത്തെ 86,647 രൂപയില്‍ നിന്ന് ഏകദേശം നൂറ് ശതമാനം വര്‍ദ്ധന.
2022-23 വര്‍ഷം ഗ്രാമീണമേഖലയിലെ പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗച്ചെലവ് (എംപിസിഇ) 3,773 രൂപ ആയിരുന്നു. നഗരമേഖലയില്‍ ഇത് 6459 രൂപയും. അതായത് ശരാശരി ഭക്ഷ്യ-ഭക്ഷ്യേതര ചെലവ് യഥാക്രമം 40,60 ശതമാനം. ദേശീയ സാമ്പിള്‍ സര്‍വെ അനുസരിച്ച് ഗ്രാമീണ ഇന്ത്യയിലെ ശരാശരി എംപിസിഇ 2011-12 ല്‍ 1430 രൂപയായിരുന്നത് 2022-23 ല്‍ 3773 രൂപയായി, 2.60 മടങ്ങ് വര്‍ദ്ധന. അതായത് ഉപഭോക്തൃ ചെലവ്, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രതിശീര്‍ഷ വരുമാനത്തേക്കാള്‍ വളരെയേറെ വര്‍ദ്ധിച്ചെന്നര്‍ത്ഥം.
രാജ്യത്തെ സമ്പദ്ഘടനയ്‌ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന വിഷയമാണ് തൊഴിലില്ലായ്‌മ. പതിനഞ്ചിന് മുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്‌മ നിരക്ക് 2023 ജനുവരി -മാര്‍ച്ച് മാസത്തില്‍ 6.8 ശതമാനമായി. തൊട്ടു മുന്‍വര്‍ഷമിത് 8.2 ശതമാനമായിരുന്നു.
പലപ്പോഴും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ചുരുങ്ങിയ വേതനം ജീവിക്കാനുള്ള വേതനത്തെക്കാള്‍ തുച്ഛമായിരിക്കുന്ന സാഹചര്യത്തിലാണ് ജീവിക്കാനുള്ള വേതനം നടപ്പാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്ന് വന്നിട്ടുള്ളത്. രാജ്യത്തെ ചില മേഖലകളില്‍ ഒരു തൊഴിലാളിക്ക് കിട്ടുന്ന വേതനവും കുടുംബത്തെ പോറ്റാന്‍ വേണ്ടുന്ന വേതനവും തമ്മില്‍ വലിയ അന്തരമുണ്ട്. പല തൊഴിലിന് പല ചുരുങ്ങിയ വേതനമാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. രാജ്യത്തിലെ പല സംസ്ഥാനങ്ങളിലും ഇത് പലതാണ്.
തൊഴിലാളികളുടെ കുറഞ്ഞ കൂലിയും അവരുടെ കുടുംബത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നു. തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി കിട്ടുന്നത് അവരുടെ വൈകാരിക നിലയെ മോശമായി ബാധിക്കുകയും അത് സമൂഹത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. കുറഞ്ഞ കൂലി കിട്ടുന്ന തൊഴിലാളികള്‍ കുടുംബം പുലര്‍ത്താനായി കൂടുതല്‍ പണം കണ്ടെത്തുന്നതിന് മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരാകും. കുറഞ്ഞ കൂലി ദാരിദ്ര്യവും അസമത്വവും സൃഷ്‌ടിക്കുന്നു. ഇത് സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും മികവിനെയും ബാധിക്കുന്നു.
1.6 ശതമാനം വരുമാനക്കാരും 2.3 കുട്ടികളുമുള്ള ഒരു ശരാശരി ഇന്ത്യന്‍ കുടുബത്തില്‍ രാജ്യത്തെ നിലവിലുള്ള കുറഞ്ഞ കൂലിയും ജീവിക്കാനുള്ള ചെലവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് രാജ്യാന്തര തൊഴില്‍ സംഘടനയുടെ ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്. ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് മാത്രമാണ് മികച്ച രീതിയില്‍ കുടുംബം പുലര്‍ത്താനുള്ള പണം കിട്ടുന്നത്. ജീവിക്കാനുള്ള വേതനം കിട്ടാതെ ആകുമ്പോള്‍ ഇവര്‍ക്ക് നിരവധി ജോലികള്‍ ചെയ്യേണ്ടി വരുന്നു. അതല്ലെങ്കില്‍ കുട്ടികളുടെ പഠനം നിര്‍ത്തേണ്ടി വരികയോ പ്രതീക്ഷിക്കാതെ വന്ന് ചേരുന്ന അസുഖങ്ങള്‍ക്ക് ചികിത്സ നല്‍കാനാകാതെ വരികയോ ചെയ്യുന്നു.
പുതിയ നിര്‍ദ്ദിഷ്‌ട കൂലി സംവിധാനത്തിലൂടെ ഉയര്‍ന്ന വേതനം കിട്ടും. ഇത് തൊഴിലുടമകള്‍ക്കും സംതൃപ്‌തി നല്‍കും. സംതൃപ്‌തരായ തൊഴിലാളികള്‍ അസംതൃപ്‌തരായ തൊഴിലാളികളെക്കാള്‍ കൂടുതല്‍ ഉത്‌പാദന ക്ഷമതയുള്ളവരായിരിക്കും.
അതേസമയം ചിലര്‍ ജീവിക്കാനുള്ള വേതനം സമ്പദ്ഘടനയെ മുറിവേല്‍പ്പിക്കുമെന്ന് വിലയിരുത്തുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഇത് താങ്ങാനാകാതെ വരുന്നു. ജീവിക്കാനുള്ള കൂലി കുറഞ്ഞ കൂലിയേക്കാള്‍ കൂടുതലാകുമ്പോള്‍ തൊഴിലുടമകള്‍ക്ക് ചെലവ് വര്‍ദ്ധിക്കുന്നു. ഇത് തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ കാരണമാകുന്നു. ഇതിലൂടെ രാജ്യത്ത് വീണ്ടും തൊഴിലില്ലായ്‌മ വര്‍ദ്ധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സാമ്പത്തിക വിദഗ്ദ്ധരും നയരൂപീകരണക്കാരും മികച്ച കൂലി സാമ്പത്തിക സാമൂഹ്യ വികസനത്തിനും സാമൂഹ്യനീതിക്കും അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തുന്നു. ഇത് ദാരിദ്ര്യവും അസമത്വങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് നയിക്കുന്നു. ജീവിക്കാനുള്ള വേതനം രാജ്യത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാന്‍ പ്രാപ്‌തരാക്കുന്നു. മികച്ച ജോലിയും സാമ്പത്തിക വളര്‍ച്ചയും ഇന്ത്യയെ 2030 ഓടെ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് എത്തിക്കാനാണ് ഉദ്ദേശ്യം.
എങ്കിലും ജീവിക്കാനുള്ള കൂലി നയങ്ങള്‍ നടപ്പാക്കുന്നതിന് ബഹുവിധ സമീപനങ്ങള്‍ ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സഹകരണം ഇതിന് കൂടിയേ തീരൂ. ഇതിന് പുറമെ വ്യവസായികള്‍ അടക്കമുള്ളവരുടെയും സഹായം ആവശ്യമാണ്. ഇതിന് കുറഞ്ഞ കൂലി നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. ജീവിക്കാനുള്ള കൂലിയ്ക്ക് ഇന്‍സെന്‍റീവുകള്‍ നല്‍കേണ്ടതിനുള്ള നിര്‍ദ്ദേശങ്ങള്‍, വിദ്യാഭ്യാസം, നൈപുണ്യം തുടങ്ങിയവ മെച്ചപ്പെടുത്തല്‍, മികച്ച കൂലി, സുസ്ഥിര സമൂഹം തുടങ്ങിയ സമീപനങ്ങള്‍ 2030 ഓടെ കൈവരിക്കാന്‍ ലക്ഷ്യമിടുന്ന സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതമാണ്.
ലേഖനത്തിലെ കാഴ്‌ചപ്പാടുകള്‍ തികച്ചും വ്യക്തിപരം.