ബെംഗളൂരു : വ്യാജ ലൈഫ് ഇൻഷുറൻസ് പോളിസികൾ വിറ്റ് 34 പേരെ കബളിപ്പിച്ച കേസിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരാളെ ബെംഗളൂരു പൊലീസ് അറസ്‌റ്റ് ചെയ്‌തു. സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് ക്രൈം (സിഇഎൻ) പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ 4.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
ഉത്തർപ്രദേശിലെ നോയിഡയിൽ താമസിക്കുന്ന മൻവീർ സിങ് എന്നയാളാണ് പിടിയിലായത്. കബളിപ്പിക്കപ്പെട്ട മുരളീധർ റാവു നൽകിയ പരാതിയിലാണ് പൊലീസ് വീർ സിങ്ങിനെ അറസ്‌റ്റ് ചെയ്‌തത്. കേസിൽ ഇയാളുടെ കൂട്ടാളികൾക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയാണ്.
ബിഎസ്‌സി ബിരുദധാരിയായ മൻവീർ കഴിഞ്ഞ നാല് വർഷമായി തട്ടിപ്പ് നടത്തി വരികയായിരുന്നു. പ്രമുഖ ബാങ്കുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് തുറന്ന്, കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം ലഭിക്കാൻ ഇൻഷുറൻസ് പദ്ധതിയുണ്ടെന്ന് പരസ്യം പ്രസിദ്ധീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഇൻഷുറൻസ് കമ്പനികളുടെ പേരിൽ പൊതുജനങ്ങളെ വിളിച്ച് നിങ്ങളുടെ പേരിൽ പ്രീമിയം ബോണ്ടുകൾ നൽകുന്നുണ്ടെന്നും ഇതിന് പോളിസി എടുക്കണമെന്നും അയാൾ പറയാറുണ്ടായിരുന്നു. പൊതുജനങ്ങൾ ഇത് വിശ്വസിച്ച് രജിസ്‌റ്റർ ചെയ്‌ത് ഓൺലൈൻ വഴി ലക്ഷക്കണക്കിന് രൂപ മൻവീറിന് നൽകിയതായി പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിൽ ഇരുന്ന് തട്ടിപ്പ് നടത്തുന്ന പ്രതികൾ ഇടപാടുകാരുടെ ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ ലഭിക്കാൻ ഏതാനും ആളുകളെ ഏര്‍പ്പാടാക്കിയിരുന്നു. രണ്ട് വർഷം മുമ്പാണ് ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസിൽ നിന്നാണ് എന്ന് പറഞ്ഞ് മൻവീർ സിങ് മുരളീധർ റാവുവിനെ വിളിച്ചത്. നിങ്ങളുടെ പേരിൽ പ്രീമിയം ബോണ്ട് വന്നിട്ടുണ്ടെന്നും അത് ലഭിക്കാൻ ഇൻഷുറൻസ് എടുക്കണമെന്നും അദ്ദേഹത്തെ മൻവീർ പറഞ്ഞ് വിശ്വസിപ്പിച്ചു. അവർ പറഞ്ഞതുപോലെ മുരളീധർ തട്ടിപ്പുകാരന്‍റെ അക്കൗണ്ടിലേക്ക് നാല് ലക്ഷം രൂപ അടച്ചു.
അക്കൗണ്ടിലേക്ക് പണം കൈമാറിയ ശേഷം ഇയാൾ വ്യാജ ബോണ്ട് നൽകി. ഇതിനിടെ മുരളീധർ പലതവണ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ മുരളീധർ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണത്തിൽ പ്രതികൾക്കെതിരെ നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിലായി 34 തട്ടിപ്പ് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് കണ്ടെത്തി. ഇതുവരെ നാലരക്കോടിയോളം പണം തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി ദയാനന്ദ് പറഞ്ഞു.