മുംബൈ : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കഫേ ഉടമയില്‍ നിന്ന് 25 ലക്ഷം തട്ടിയ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനും കോണ്‍സ്റ്റബിളും അടക്കം എട്ട് പേര്‍ അറസ്റ്റില്‍. മുംബൈ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞായിരുന്നു തന്‍റെ വീട്ടില്‍ ആറംഗ സംഘം എത്തിയതെന്ന് പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു. മാട്ടുംഗ മേഖലയില്‍ കഫേ നടത്തുന്നയാളാണ് തട്ടിപ്പിന് ഇരയായത്.
സിയോണ്‍ ആശുപത്രിക്ക് സമീപമാണ് തട്ടിപ്പിനിരയായ വ്യക്തിയുടെ വീട്. വീട്ടിലെത്തിയ തട്ടിപ്പ് സംഘം, തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി കള്ളപ്പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ എത്തിയതാണെന്നായിരുന്നു കഫേ ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ തന്‍റെ കൈവശം 25 ലക്ഷം രൂപ മാത്രമാണ് ഉള്ളതെന്നും ഈ പണം കള്ളപ്പണമല്ലെന്നും ഇയാള്‍ സംഘത്തോട് പറഞ്ഞു.
ഇതോടെ അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കഫേ ഉടമ പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയും സര്‍വീസിലിരിക്കുന്ന കോണ്‍സ്റ്റബിള്‍, വിരമിച്ച ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പേരെ ചെവ്വ, ബുധന്‍ ദിവസങ്ങളിലായി അറസ്റ്റ് ചെയ്‌തു എന്നും സിയോണ്‍ പൊലീസ് അറിയിച്ചു. അറസ്റ്റിലായ കോണ്‍സ്റ്റബിള്‍ പൊലീസ് ഡ്രൈവറായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു. കോടതി പ്രതികളെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
Also Read: ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്‍റെ മറവിൽ 17 ലക്ഷം തട്ടി ; യുവതി പിടിയിൽ - STOCK MARKET ONLINE FRAUD