ഹൈദരാബാദ് : 'എന്നും ജനപക്ഷത്ത് നിന്ന മനുഷ്യസ്‌നേഹി, ഏത് കാര്യവും സൂക്ഷ്‌മമായി പഠിക്കുന്ന കൃത്യത, ദുരന്ത ഭൂമിയിലേക്ക് നീളുന്ന ആദ്യ സഹായ ഹസ്‌തം...' റാമോജി റാവുവിനെ കുറിച്ച് വികാരാധീനനായി മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ബുധനാഴ്‌ച (ജൂലൈ 17) സെക്കന്തരാബാദിലെ ഇംപീരിയൽ ഗാർഡനിൽ ബ്രഹ്മകുമാരീസ് സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങിൽ റാമോജി റാവുവിനെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ റാമോജി റാവുവിന്‍റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉന്നത സ്ഥാനങ്ങളിലേക്ക് ഉയരട്ടെയെന്നും മുൻ ഉപരാഷ്‌ട്രപതി പ്രതികരിച്ചു.
റാമോജി റാവുവിന് സമൂഹത്തോട്, പ്രത്യേകിച്ച് ഗ്രാമീണരോടും കർഷകരോടും വളരെയധികം സ്നേഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരാൻ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു. പത്രപ്രവർത്തനത്തിൽ അദ്ദേഹം മൂല്യങ്ങൾ പിന്തുടർന്നുവെന്നും അദ്ദേഹത്തെ കുറിച്ച് ഇന്നത്തെ തലമുറ അറിയണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
'റാമോജി റാവുവുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിൽ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചും നിരവധി ആളുകൾ വിവിധ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ചിട്ടുണ്ട്. അവയെല്ലാം ശേഖരിച്ച് നല്ല പുസ്‌തകങ്ങളാക്കണം, കാരണം മഹാന്മാരെ കുറിച്ചും, സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്തിയ വ്യക്തികളെ കുറിച്ചും ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്' -വെങ്കയ്യ നായിഡു പറഞ്ഞു. 'റാമോജി റാവുവിന് സമൂഹത്തോടുള്ള സ്നേഹം, ജനങ്ങൾക്ക് വേണ്ടി നിൽക്കാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹം എന്നിവ യുവാക്കൾ പ്രചോദനമായി എടുക്കണം. ഇന്നത്തെ തലമുറ ഉന്നത സ്ഥാനങ്ങളിൽ എത്തുകയും സമൂഹത്തെ ഉണർത്തി രാജ്യത്തെ കരുത്തുറ്റതാക്കാൻ സഹായിക്കുകയും വേണം' -അദ്ദേഹം കൂട്ടിച്ചേർത്തു.
റാമോജി റാവു ഏത് വിഷയവും സൂക്ഷ്‌മമായി പഠിക്കുമായിരുന്നു. കൃത്യനിഷ്‌ഠയും അച്ചടക്കവും വേണ്ടുവോളമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് വന്നതെങ്കിലും, ആത്മവിശ്വാസത്തോടെ യാത്ര ആരംഭിച്ച അദ്ദേഹം വളരെ ശക്തനും വൈദഗ്ധ്യവുമുള്ള പോരാളിയായി വളർന്നു. ജീവിതത്തിൽ ഏറ്റെടുത്ത എല്ലാ പരിപാടികളിലും അദ്ദേഹം മികച്ച രീതിയിൽ വിജയം കൈവരിച്ചു. വളരെ എളിമയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചത്, എന്നും വെങ്കയ്യ നായിഡു പറഞ്ഞു.
റാമോജി റാവു എന്നും ജനപക്ഷത്ത് : തെലുഗു സമൂഹത്തിലും ഇന്ത്യൻ പത്രപ്രവർത്തനത്തിലുമുള്ള റാമോജി റാവുവിന്‍റെ സ്വാധീനം ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തെ 'പത്രപ്രവർത്തകരുടെ നിര്‍മാണശാല' എന്ന് വിളിക്കാം. തെലുഗു മാധ്യമ മേഖല, പ്രിന്‍റ്, ഇലക്‌ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവ പരിശോധിച്ചാൽ, ഇന്ന് മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം മാധ്യമപ്രവർത്തകരുടെയും തുടക്കം ഈനാടിലും, ഇടിവിയിലും ആണ്. ഇവരിൽ പലരും ഇന്ന് ഉന്നത സ്ഥാനങ്ങളിലുണ്ട്.
നിരവധി പേർക്ക് പത്രപ്രവർത്തനം എന്താണ് എന്ന് പഠിപ്പിക്കുവാനും അവരെ പരിശീലിപ്പിച്ച് ഗുണനിലവാരമുള്ള പത്രപ്രവർത്തകരാക്കാനും റാമോജി റാവുവിനു കഴിഞ്ഞു. മണ്ണിൽ നിന്ന് മാണിക്യങ്ങൾ പുറത്തെടുക്കുന്നതിലും അദ്ദേഹത്തിലെ പ്രതിഭയെ ഉയർത്തിക്കാട്ടുന്നതിലും മാറ്റാരുമായും അദ്ദേഹത്തെ താരതമ്യപ്പെടുത്തുവാൻ കഴിയില്ല. ജനാധിപത്യത്തിന്‍റെ നെടുംതൂണുകളിലൊന്നായ മാധ്യമങ്ങളെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിൽ ഈനാട്, ഇടിവി നടത്തിയ ശ്രമങ്ങൾ സമാനതകളില്ലാത്തതാണ്.
ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ വേഗത്തിൽ നൽകാനും സർക്കാർ പദ്ധതികളെ കുറിച്ച് മികച്ച അവബോധം സൃഷ്‌ടിക്കാനും ഫീൽഡ് തലത്തിൽ അവ നടപ്പിലാക്കാനും മാധ്യമങ്ങളിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ കൊണ്ടുവന്നു. ജനാധിപത്യത്തിന് ആപത്തുണ്ടായപ്പോഴും, നേതാക്കൾ സ്വേച്‌ഛാധിപത്യ പ്രവണതകളോടെ ജനാധിപത്യത്തെ പരിഹസിച്ചപ്പോഴും ജനങ്ങളുടെ പക്ഷത്ത് നിന്ന് ശബ്‌ദമുയർത്തിയ വ്യക്തിയാണ് റാമോജി റാവു എന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി.
ദുരന്തങ്ങളിലെ ആദ്യ കൈത്താങ്ങ് : ദുരിതമനുഭവിക്കുന്നവർക്ക് എന്നും സഹായ ഹസ്‌തവുമായി ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് റാമോജി റാവു. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിപ്പെട്ട് എല്ലാം നഷ്‌ടപ്പെട്ടവർക്ക് ഭൂമി ദാനം ചെയ്യുക മാത്രമല്ല, സമൂഹത്തിലെ സാമ്പത്തിക പുരോഗതിയുള്ളവരോട് അഭ്യർഥിക്കുകയും അവരുടെ സഹകരണത്തോടെ ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകുക തുടങ്ങിയ നല്ല പ്രവൃത്തികൾ ചെയ്‌ത വ്യക്തിയാണ് അദ്ദേഹം. എല്ലാവരോടും വളരെയധികം സ്‌നേഹമുള്ള വ്യക്തിയാണ് അദ്ദേഹം. തെലുഗു ഭാഷയുടെ സംരക്ഷണത്തിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചിട്ടുണ്ട് എന്നും വെങ്കയ്യ നായിഡു പറഞ്ഞു. റാമോജി റാവുവിന്‍റെ മറ്റൊരു പ്രത്യേകത ആശയങ്ങളുടെ നിരന്തരമായ പുതുമയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലങ്കാന കൃഷി മന്ത്രി തുമ്മല നാഗേശ്വര റാവു, മുൻ എംപി മുരളി മോഹൻ, ബ്രഹ്മകുമാരീസ് വിദ്യാഭ്യാസ വകുപ്പ് ചെയർമാനും മൗണ്ട് അബു ഹെഡ്ക്വാർട്ടേഴ്‌സ് സെക്രട്ടറിയുമായ മൃത്യുഞ്ജയ തുടങ്ങിയ നിരവധി പേർ റാമോജി റാവുവിന്‍റെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുത്തിരുന്നു.