ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന രാഷ്‌ട്രീയ നേതാവുമായ എസ്‌എം കൃഷ്‌ണ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു അന്ത്യം. 92 വയസുകാരനായിരുന്ന കൃഷ്‌ണ കുറച്ച് കാലമായി അസുഖബാധിതനായിരുന്നു എന്ന് കുടുംബം അറിയിച്ചു.
'എസ് എം കൃഷ്‌ണ ഇനിയില്ല. പുലർച്ചെ 2:45 ന് സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് മദ്ദൂരിലേക്ക് കൊണ്ടുപോകും' -ബന്ധുക്കള്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1932 മെയ് ഒന്നിന് കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ സോമനഹള്ളിയിൽ ആയിരുന്നു എസ്‌എം കൃഷ്‌ണയുടെ ജനനം. 1999 ഒക്‌ടോബർ 11 മുതൽ 2004 മെയ് 28 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2009 മുതൽ 2012 വരെ മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. പിന്നീട് മഹാരാഷ്‌ട്ര ഗവര്‍ണര്‍ ആയും സേവനമനുഷ്‌ഠിച്ചു.
2017 ജനുവരി 29-ന് അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഇതേ വര്‍ഷം മാർച്ചിൽ ബിജെപിയില്‍ ചേർന്നു. 2023-ലാണ് അദ്ദേഹം രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അതേ വർഷം തന്നെ, ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു.