ന്യൂഡൽഹി : കോൺഗ്രസിൽ നിന്ന് അടുത്തിടെ രാജിവച്ച ഡല്‍ഹി മുന്‍ പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് ലൗലി പാര്‍ട്ടി അംഗത്വം എടുത്തത്.
ലൗലിക്കൊപ്പം മുൻ കോൺഗ്രസ് എംഎൽഎമാരായ രാജ് കുമാർ ചൗഹാൻ, നസീബ് സിങ്, നീരജ് ബസോയ, യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ അമിത് മല്ലിക് എന്നിവരും ബിജെപിയിലെത്തി. ഏപ്രിൽ 28-ന് ആണ് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അരവിന്ദർ സിങ് ലൗലി രാജിവെച്ചത്. ഡൽഹിയിൽ കോൺഗ്രസും എഎപിയും തമ്മില്‍ സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ലൗലി കത്തെഴുതിയിരുന്നു.
'കോൺഗ്രസ് പാർട്ടിക്കെതിരെ വ്യാജവും ദുരുദ്ദേശ്യപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രൂപംകൊണ്ട പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് യൂണിറ്റ് എതിരായിരുന്നു. അത് മറികടന്ന് ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചു.'- അരവിന്ദർ സിംഗ് ലൗലി രാജിക്കത്തിൽ കുറിച്ചു.
ഡൽഹി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, വൈദ്യുതി എന്നീ മേഖലകളിൽ ആം ആദ്‌മിയുടെ പ്രവർത്തനങ്ങളെയും പ്രകീര്‍ത്തിച്ച കനയ്യ കുമാറിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അതേസമയം ഡല്‍ഹിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ലവ്‌ലിയുടെ കൂടുമാറ്റം. ഡൽഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളിലേക്കും മെയ് 25-ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. ജൂൺ 4 ന് വോട്ടെണ്ണും.