ഗുവാഹത്തി: രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങുൾക്ക് എത്താതെ അയോധ്യ വിധി പ്രസ്‌താവിച്ച സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. തിങ്കളാഴ്‌ച (22.01.24) നടന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിലേക്ക് വിവിഐപി അതിഥിയായി ഗൊഗോയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ല.
2019 നവംബർ 9 നാണ് അയോധ്യയിലെ രാമക്ഷേത്ര കേസിലെ അന്തിമ വിധി പ്രസ്‌താവിച്ചത്. കേസിൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് അശോക് ഭൂഷൺ, എസ് എ ബോബ്‌ഡെ, എസ് അബ്‌ദുൾ നസീർ, ഡി വൈ ചന്ദ്രചൂഡ് എന്നിവർക്കും പ്രാണ പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. അശോക് ഭൂഷൺ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രാജ്യസഭ എം പിയായ രഞ്ജൻ ഗൊഗോയ് ഗുവാഹത്തിയിൽ അമ്മയുടെ പേരിലുള്ള ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളിൽ തിരക്കിലായതിനാലാണ് പ്രാണ പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിവരം.
വർഷങ്ങൾ നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് ബാബറി മസ്‌ജിദ്-രാമജന്മഭൂമി തർക്കം തീർപ്പായത്. ഇപ്പോൾ രാമക്ഷേത്രം നിലനിൽക്കുന്ന ഭൂപ്രദേശത്തിന്‍റെ ഉടമസ്ഥാവകാശത്തിനായി ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ നൽകിയ കേസ് വിവിധ കോടതികളിൽ നിലന്നിരുന്നു. 2019 നവംബറിലെ ചരിത്ര പ്രാധാന്യമുള്ള സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ രാമക്ഷേത്രം പണിയുന്നതിനായി തർക്കഭൂമി അനുവദിച്ചതിനോടൊപ്പം മുസ്ലീം പള്ളിയ്ക്കായി മറ്റൊരു സ്ഥലം അനുവദിക്കുകയും ചെയ്‌തു.
അതേസമയം ഇന്നലെയാണ് (2024 ജനുവരി 22) രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠ ചടങ്ങ് പൂർത്തിയായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങുകൾക്ക് നേതൃത്വം നല്‍കി. 'രാംലല്ല വിഗ്രഹം അനാച്‌ഛാദനം ചെയ്‌ത ജനുവരി 22 എന്ന ദിനം ഒരു പുതിയ കാലചക്രത്തിന്‍റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്, ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ഇന്നത്തെ തീയതി ആളുകൾ ഓര്‍ക്കും' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രാണ പ്രതിഷ്‌ഠ ചടങ്ങിന് നേതൃത്വം നല്‍കിയ ശേഷം സദസ്സിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്ര നിർമ്മാണം ജനങ്ങളിൽ പുതിയ ഊർജ്ജം നിറച്ചെന്നും അദ്ദേഹം പറഞ്ഞു.
'നൂറ്റാണ്ടുകൾക്ക് ശേഷം രാമൻ തന്‍റെ വാസസ്ഥലത്ത് തിരിച്ചെത്തി. നാം കാണിച്ച ക്ഷമയ്ക്കും ത്യാഗങ്ങൾക്കും ഒടുവിൽ നമ്മുടെ ശ്രീരാമൻ വന്നിരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അടിമത്തത്തില്‍ നിന്നും രാജ്യം മോചനം നേടിയിരിക്കുന്നു'. രാമന്‍റെ പരമമായ അനുഗ്രഹമാണ് നമ്മൾ ഈ സാക്ഷ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭഗവാനായ രാമൻ ഇന്ത്യയിലെ എല്ലാ പൗരന്മാരുടേയും ആത്മാവിലുണ്ടെന്നും, രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രനിര്‍മ്മാണം വൈകിയതില്‍ രാമനോട് മാപ്പ് ചോദിക്കുന്നുവെന്നും, എന്നാല്‍ ഇന്ന് ആ വിടവ് നികത്തപ്പെട്ടു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു മണിക്കൂര്‍ നീണ്ട ആചാരങ്ങള്‍ക്ക് ശേഷമാണ് രാംലല്ല വിഗ്രഹം അനാച്‌ഛാദനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചുവന്ന ദുപ്പട്ടയിൽ വെള്ളി 'ചത്താർ' (കുട) യുമായി ക്ഷേത്ര പരിസരത്തേക്ക് നടന്നു. സ്വർണ്ണ കുർത്തയും, ക്രീം ധോത്തിയും പട്‌കയും ധരിച്ച്, പ്രാണ പ്രതിഷ്‌ഠ ചടങ്ങില്‍ പ്രധാനമന്ത്രി എടുത്തു. പിന്നീട് ആചാരങ്ങള്‍ അനുസരിച്ച് അത് ശ്രീകോവിലിലേക്ക് മാറ്റി.
ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. ഇന്ത്യയുടെ ആത്മാവിന്‍റെ എല്ലാ കണികകളുമായും രാമൻ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇന്ത്യക്കാരുടെ ഹൃദയത്തിലാണ് രാമൻ കുടികൊള്ളുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2019 നവംബര്‍ 9 ലെ സുപ്രീംകോടതി വിധി പ്രകാരമാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി ലഭിക്കുന്നത്. രാമന്‍റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ട സമയത്ത് നീതി നടപ്പിലാക്കി ക്ഷേത്ര നിര്‍മ്മാണത്തിന് വഴിയൊരുക്കിയ സുപ്രീംകോടതിക്കും പ്രധാനമന്ത്രി തന്‍റെ നന്ദി അറിയിച്ചു. നിയമം പാലിച്ചാണ് ക്ഷേത്രം നിർമ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.