ബെംഗളൂരു: ടൂറിസ്‌റ്റ് വിസയിൽ ഇന്ത്യയിലെത്തിയ വിദേശ വനിതയെ ബെംഗളൂരുവിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയായ സറീന (37) ആണ് സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ചത്. ശേഷാദ്രിപുരം പൊലീസ് സ്‌റ്റേഷന് പരിധിയിലെ ജഗദീഷ് ഹോട്ടലാണ് സറീന താമസിച്ചിരുന്നത് (Foreign Woman Found Dead ).
ടൂറിസ്‌റ്റ് വിസയിൽ ബംഗളൂരുവിൽ എത്തിയ സറീന കഴിഞ്ഞ നാല് ദിവസമായി ജഗദീഷ് ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ഇവരെ പുറത്ത് കണ്ടിരുന്നില്ല. സംശയം തോന്നിയതിനെ തുടർന്ന് മുറി മാസ്‌റ്റർ കീ ഉപയോഗിച്ച് തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശേഷാദ്രിപുരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ബൗറിങ് ആശുപത്രിയിലേക്ക് പോസ്‌റ്റ്മോർട്ടത്തിന് അയച്ചു. മുറിയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. സംശയാസ്‌പദമായ മരണത്തിന് കേസെടുത്ത പൊലീസ് കഴിഞ്ഞ നാല് ദിവസമായി ഹോട്ടലിൽ ആരൊക്കെ വന്നിട്ടുണ്ടെന്ന ലെഡ്‌ജർ പരിശോധിച്ച് വരികയാണ്. സംശയാസ്‌പദമായി ഹോട്ടലിൽ വന്ന് പോയവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.