ന്യൂഡൽഹി: വിമാനത്താവള പ്രവർത്തനങ്ങളെ സാരമായി ബാധിച്ച് പ്രതികൂല കാലാവസ്ഥ. ഡല്‍ഹി വിമാനത്താവളത്തിലെ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് 100 ഓളം വിമാനങ്ങൾ വൈകുകയും അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും പലതും റദ്ദാക്കുകയും ചെയ്‌തു.
ഇടതൂർന്ന മൂടൽമഞ്ഞ് നിലനിൽക്കുന്ന സാഹചര്യത്തില്‍ ഒരു അന്താരാഷ്‌ട്ര വിമാനം ഉൾപ്പെടെ കുറഞ്ഞത് അഞ്ച് വിമാനങ്ങളെങ്കിലും വിവിധ നഗരങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. നാല് വിമാനങ്ങൾ ജയ്‌പൂരിലേക്കും ഓരോന്ന് അഹമ്മദാബാദിലേക്കും മുംബൈയിലേക്കും വഴിതിരിച്ചുവിട്ടു. ചൊവ്വാഴ്‌ച രാത്രി 9.30 നും ബുധനാഴ്‌ച രാവിലെ 9 നും ഇടയിലാണ് ആറ് വിമാനങ്ങളാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വഴിതിരിച്ചുവിട്ടത്.
അതേസമയം ഡൽഹിയില്‍ നിന്നും പുറപ്പെടേണ്ട ഡൽഹി - ദിയോഗർ ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനക്കമ്പനിക്കെതിരെ മുദ്രാവാക്യം മുഴക്കി. വിമാനം വൈകുകയും പെട്ടെന്ന് റദ്ദാക്കുകയും ചെയ്‌തതിനെ തുടർന്നാണ് യാത്രക്കാര്‍ ഇൻഡിഗോ കള്ളമാരാണെന്നും നിര്‍ത്തലാക്കണമെന്നും (ഇൻഡിഗോ ചോർ ഹേ, ബന്ദ് കരോ) ആവശ്യപ്പെട്ട് വിമാനത്താവളത്തിനുള്ളില്‍ മുദ്രാവാക്യം ഉയര്‍ത്തിയത്.
വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചിരുന്നു. കൂടാതെ റീഫണ്ടും ലഭിക്കാനുള്ള ഓപ്ഷനുകള്‍ നൽകുകയും ചെയ്‌തിരുന്നു. 'ദിയോഗറിലെ വിമാനത്താവളത്തിന് ചുറ്റും കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റാമാണ് 2024 ജനുവരി 30, ജനുവരി 31 തീയതികളിൽ ഡൽഹിയിൽ നിന്ന് ദിയോഗറിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റ് 6E 2198 റദ്ദാക്കാന്‍ കാരണമായതെന്ന് വിമാനക്കമ്പനി പ്രസ്‌താവനയില്‍ അറിയിക്കുകയും ചെയ്‌തു.