ന്യൂഡൽഹി : കുറഞ്ഞ താപനില ഒറ്റ അക്കത്തിൽ തുടരുന്ന സാഹചര്യത്തിൽ തണുപ്പിന്‍റെ പിടിയിൽ തുടർന്ന് രാജ്യതലസ്ഥാനം. ഇന്ന് രാവിലെ ഡൽഹിയിൽ രേഖപ്പെടുത്തിയ തണുപ്പ് 8.5 ഡിഗ്രി സെൽഷ്യസാണ്. തണുപ്പിനൊപ്പം മൂടൽമഞ്ഞും തുടരുന്നതിനാൽ വ്യോമ-റെയിൽ ഗതാഗതം മന്ദഗതിയിലാണ്. ഡൽഹി കേന്ദ്രീകരിച്ചുള്ള വിമാനങ്ങളും ട്രെയിനുകളും ഇപ്പോഴും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത് (Flights and Trains Delayed).
കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരപ്രകാരം ഇന്ന് പുലർച്ചെ 2 മണിക്ക് ഡൽഹി പാലം പ്രദേശത്തെ ദൃശ്യപരത 400 മീറ്ററിൽ നിന്ന് 100 മീറ്ററായി കുറഞ്ഞു. 3 മണി മുതൽ ദൃശ്യപരത 0 മീറ്ററായി. ഉത്തരേന്ത്യയിലെ സമതല പ്രദേശങ്ങളില്‍ കട്ടിയുള്ള മൂടൽമഞ്ഞ് പാളി കാണാനാകുമെന്ന് കാലാവസ്ഥ വകുപ്പ് എക്‌സിൽ കുറിച്ചു (Dense Fog in Delhi).
ജനുവരി 22 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കട്ടിയുള്ള മൂടൽമഞ്ഞ് തുടരുമെന്നാണ് നേരത്തെ കാലാവസ്‌ഥ വകുപ്പ് നടത്തിയ പ്രവചനം. ജനുവരി 27 വരെയുള്ള ദിവസങ്ങളിൽ സാധാരണ മൂടൽമഞ്ഞ് നിലനിൽക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.
റെയിൽ-വ്യോമ ഗതാഗതം താറുമാറില്‍ : രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന പല ട്രെയിനുകളും വിമാനങ്ങളും മണിക്കൂറുകളോളം വൈകി. വടക്കൻ റെയിൽവേയുടെ കണക്ക് പ്രകാരം അമൃത്‌സർ-നന്ദേഡ് എക്‌സ്‌പ്രസ്, പുരി-ന്യൂഡൽഹി പുരുഷോത്തം എക്‌സ്‌പ്രസ്, അംബേദ്‌കർ നഗർ-കത്ര, മണിക്‌പൂർ-നിസാമുദ്ദീൻ എക്‌സ്‌പ്രസ് തുടങ്ങി 11 ഓളം ട്രെയിനുകൾ കനത്ത മൂടൽമഞ്ഞ് കാരണം വൈകി ഓടുന്നുണ്ട് (Delhi Trains Delayed).
വിമാനങ്ങള്‍ വൈകുന്നതിനാല്‍ ഡൽഹി വിമാനത്താവളത്തിലും പ്രതിസന്ധി നിലനില്‍ക്കുന്നു. ചില വിമാനങ്ങൾ റദ്ദാക്കിയത് നിരവധി യാത്രക്കാരെ വലച്ചു. വിമാനങ്ങള്‍ വൈകി പറക്കുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകുന്ന സാഹചര്യത്തില്‍ അക്ഷമയോടെ കാത്തിരിക്കുന്ന നിരവധി യാത്രക്കാരെ ഡൽഹി വിമാനത്താവളത്തില്‍ കാണാനാകും (Delhi Flights Delayed).
മഞ്ഞ് തുടരുന്നതിനാൽ യാത്ര ചെയ്യും മുന്‍പ് എയർലൈനുകളുമായി ബന്ധപ്പെടണമെന്നാണ് യാത്രക്കാർക്ക് വിമാനത്താവള അധികൃതര്‍ നല്‍കുന്ന നിർദ്ദേശം. മൂടൽമഞ്ഞ് കാരണം വിമാനങ്ങൾക്ക് ദൂരക്കാഴ്‌ച ഇല്ലാത്തതാണ് വിമാനങ്ങള്‍ വൈകാന്‍ കാരണം.
കാലാവസ്ഥ വകുപ്പിന്‍റെ കണക്കുപ്രകാരം 500 മീറ്റർ വരെ കാണാനാകുന്ന മൂടൽമഞ്ഞ് തീവ്രത കുറഞ്ഞതായി കണക്കാക്കപ്പെടുന്നു. 200 മീറ്റർ വരെ ദൃശ്യപരത നിലനിൽക്കുന്നതിനെ 'മിതമായ' മൂടൽമഞ്ഞ് എന്ന് പറയുന്നു. ദൃശ്യപരത 50 മീറ്റർ വരെ ആകുമ്പോഴാണ് കട്ടികൂടിയതെന്ന് വിലയിരുത്തുന്നത്. ദൃശ്യപരത 50 മീറ്ററിൽ താഴെ എത്തുമ്പോൾ മൂടൽമഞ്ഞിനെ അതീവ തീവ്രതയേറിയതെന്നും തരംതിരിക്കുന്നു.