ഹൈദരാബാദ്: ഷംഷാബാദില്‍ സാങ്കേതിക തകരാര്‍ സംഭവിച്ച വിമാനം 3 മണിക്കൂര്‍ ആകാശത്ത് വട്ടമിട്ട് പറന്നതിന് പിന്നാലെ താഴെയിറക്കി. ഷംഷാബാദ് വിമാനത്താവളത്തില്‍ നിന്നും ക്വലാലംപൂരിലേക്ക് പോകാന്‍ പറന്നുയര്‍ന്ന വിമാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. വിമാനത്തിന്‍റെ ടാങ്കില്‍ നിറയെ ഇന്ധനമുണ്ടായിരുന്നതിനാല്‍ അടിയന്തര ലാന്‍ഡിങ് നടത്തിയാല്‍ തീപിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട വിമാനത്താവള അധികൃതര്‍ അടിയന്തര ലാന്‍ഡിങ് അനുമതി നിഷേധിച്ചു.
ഇതോടെയാണ് മൂന്ന് മണിക്കൂര്‍ വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത്. വിമാനം തകരാറിലായതോടെ യാത്രക്കാര്‍ ആശങ്കയിലായി. ഷംഷാബാദ് വിമാനത്താവളത്തില്‍ വ്യാഴാഴ്‌ച (ജൂണ്‍ 20) പുലര്‍ച്ചെയായിരുന്നു സംഭവം.
ബുധനാഴ്‌ച (ജൂണ്‍ 19) അര്‍ധ രാത്രി 12.45നാണ് 130 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ എംഎച്ച്99 എന്ന വിമാനം ക്വാലാലംപൂരിലേക്ക് തിരിച്ചത്. പറന്നുയര്‍ന്ന് പതിനഞ്ച് മിനിറ്റിന് ശേഷം വൈമാനികന്‍ ഷംഷാബാദ് എടിസി ഉദ്യോഗസ്ഥരെ സാങ്കേതിക തകരാറിനെക്കുറിച്ച് അറിയിക്കുകയായിരുന്നു.
വിമാനത്തിലെ വലതു വശത്തുള്ള എഞ്ചിനാണ് തകരാറിലായത്. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വിമാനം ഷംഷാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ച് വിട്ടു. എന്നാല്‍ നിറയെ ഇന്ധനമുള്ളതിനാല്‍ അടിയന്തര ലാന്‍ഡിങ് അനുവദിച്ചില്ല. തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍ ആകാശത്ത് വട്ടമിട്ടു പറന്നു. 3.58ന് സുരക്ഷിതമായി വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞതോടെയാണ് യാത്രികര്‍ക്കും വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കും ശ്വാസം നേരെ വീണത്.
ലാന്‍ഡിങ് സമയത്ത് ഒരു യാത്രക്കാരന്‍ പകര്‍ത്തിയ എഞ്ചിനില്‍ നിന്നുയരുന്ന തീപ്പൊരി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആശങ്കയെ തുടര്‍ന്ന് ചില യാത്രക്കാര്‍ തങ്ങളുടെ യാത്ര മാറ്റിവച്ചു. ബാക്കിയുള്ളവരെ മറ്റൊരു വിമാനത്തില്‍ ക്വലാലംപൂരിലേക്ക് അയച്ചു.
Also Read: ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു ; അടിയന്തര ലാൻഡിങ്, ഒഴിവായത് വന്‍ ദുരന്തം