ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളിലായി ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി തുടര്‍ച്ചയായി ഉയരുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനക്കമ്പനികൾക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ കർശന നടപടിയെടുക്കുന്നത് ഉറപ്പാക്കാൻ വ്യോമയാന ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ മന്ത്രാലയം ആലോചിക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു അറിയിച്ചു.
വ്യാജ ബോംബ് ഭീഷണികൾ ഉണ്ടാകുന്നത് തടയാൻ കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായും, കുറ്റക്കാര്‍ക്ക് ഇനി ഒരിക്കലും വിമാനങ്ങളില്‍ കയറാൻ സാധിക്കാത്ത തരത്തില്‍ നിയമം കര്‍ശനമാക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. നാല് ദിവസത്തിനുള്ളിൽ, വിവിധ ഇന്ത്യൻ എയർലൈനുകളുടെ കുറഞ്ഞത് 30 വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഭൂരിഭാഗം വിമാനങ്ങളും വഴിതിരിച്ചുവിടുകയും സുരക്ഷ പരിശോധന നടത്തുകയും ചെയ്‌തു. എന്നാല്‍ ബോംബ് ഭീഷണികളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് കടുത്ത നടപടിക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്.
കടുത്ത നടപടി എടുക്കുമെന്ന് വ്യോമയാന മന്ത്രി:
തങ്ങൾ ഈ വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു വ്യക്തമാക്കി. വിമാനക്കമ്പനികൾക്കു നേരെയുള്ള ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കർശനമായ നടപടികൾ ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ബോംബ് ഭീഷണിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യം പറയാനാകില്ല. വ്യാജ ബോംബ് ഭീഷണി നേരിടാൻ വിദേശ രാജ്യങ്ങളിൽ പാലിക്കുന്ന വ്യവസ്ഥകളും മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നുണ്ടെന്നും ഏവിയേഷൻ മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാമെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു പ്രസ്‌താവനയിൽ നേരത്തെ പറഞ്ഞിരുന്നു. ഭീഷണി സന്ദേശമയക്കുന്നവരെ അഞ്ച് വർഷത്തേക്ക് വിമാനത്തില്‍ സഞ്ചരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് വിമാനക്കമ്പനികളുടെ നിർദേശം. വ്യാജ ബോംബ് ഭീഷണിയെ തുടർന്നുണ്ടാകുന്ന നഷ്‌ടം പ്രതികളിൽ നിന്ന് ഈടാക്കണമെന്നും വിമാനക്കമ്പനികൾ നിർദേശിച്ചിരുന്നു
സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്:
അഞ്ച് എയർ ഇന്ത്യ വിമാനങ്ങള്‍ക്കും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കുമാണ് കഴിഞ്ഞ ദിവസം മാത്രം ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചും വിമാനങ്ങളില്‍ വ്യാജ ബോംബ് ഭീഷണി വന്നിരുന്നു. ഏത് അക്കൗണ്ടുകളില്‍ നിന്നാണ് വ്യാജ ബോംബ് ഭീഷണി വന്നത് ഉള്‍പ്പെടെ പരിശോധിച്ച് നിയമനടപടി സ്വീകരിക്കാനാണ് ഡല്‍ഹി പൊലീസ് ഒരുങ്ങുന്നത്.
അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് ഭീഷണികളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) റിപ്പോർട്ട് തയ്യാറാക്കും.
Read Also: പൊറുതിമുട്ടിച്ച് ബോംബ് ഭീഷണികള്‍; താറുമാറായി വിമാന സര്‍വീസ്, വലഞ്ഞ് യാത്രക്കാര്‍