ബെംഗളൂരു : കാർ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ അഞ്ചു വയസുകാരന് ദാരുണാന്ത്യം. ജീവൻ ഭീമ നഗർ ട്രാഫിക് സ്റ്റേഷന് കീഴിലുള്ള മുരുഗേഷ് പാല്യയിലാണ് സംഭവം. ആരവ്(5) ആണ് അപകടത്തിൽ മരിച്ചത്. ഡ്രൈവിങ് അറിയാത്ത യുവാവ് ആക്‌സിലറേറ്റർ ചവിട്ടിയപ്പോൾ മുന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു.
ഇന്ന് (മെയ് 12) രാവിലെ 10.30നാണ് സംഭവം. സംഭവത്തിൽ ദേവരാജ്(18) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുടുംബം യാത്ര ചെയ്‌ത കാർ നിർത്തിയിട്ട സമയം യുവാവ് ഡ്രൈവിങ് സീറ്റിലിരുന്ന് ആക്‌സിലറേറ്ററിൽ ചവിട്ടുകയായിരുന്നു. നിയന്ത്രണം വിട്ട് മുന്നോട്ടെടുത്ത കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിൽ ഇടിച്ചു. പിന്നീടാണ് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇടിച്ചു വീഴ്ത്തിയത്.
കുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ജീവൻ ഭീമ നഗർ ട്രാഫിക് സ്റ്റേഷൻ പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.