തിരുപ്പൂർ: ഇഡി (Enforcement Directorate) ഉദ്യോഗസ്ഥരെന്ന വ്യാജേന തുണി വ്യാപാരികളിൽ നിന്ന് 1.69 കോടി രൂപ തട്ടിയെടുത്ത സംഘം പൊലീസ് പിടിയിൽ (Financial Fraud Case). വിജയ് കാർത്തിക് (37), നരേന്ദ്രനാഥ് (45), രാജശേഖർ (39), ലോഗനാഥൻ (41), ഗോപിനാഥ് (46) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിരുപ്പൂരിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
വ്യാപാരികളായ അംഗുരാജ് (52), ഇയാളുടെ സുഹൃത്ത് ദുരൈ എന്നിവരിൽ നിന്നാണ് അഞ്ചംഗ സംഘം പണം തട്ടിയെടുത്തത്. ബിസിനസിനെ കുറിച്ച് സംസാരിക്കാൻ എന്ന രീതിയിൽ പ്രതികൾ ആദ്യം ഇരുവരെയും ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. ഹൈദരാബാദിലെ ഒരു നിർമാണ കമ്പനിയിൽ നിന്നാണ് വിളിക്കുന്നതെന്നും കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നിവിടങ്ങളിലായി ബിസിനസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്നും പ്രതികൾ ഇരുവരെയും വിശ്വസിപ്പിച്ചു.
പ്രൊജക്‌റ്റിലേക്ക് പണം നിക്ഷേപിച്ചാൽ ലാഭകരമായ വിഹിതം ഇരുവർക്കും നൽകാമെന്നും പ്രതികൾ പറഞ്ഞു. ഇതിനായി 1.69 കോടി രൂപ ബിസിനസിൽ നിക്ഷേപിക്കണമെന്നും പറഞ്ഞു. ഇരുവരും ചേർന്ന് ഈ തുക നൽകാമെന്ന് അറിയിച്ചു. തുടർന്ന് ജനുവരി 30ന് പ്രതികൾ ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന അംഗുരാജിന്‍റെ ഓഫിസിലെത്തി വ്യാജ റെയ്‌ഡ് നടത്തുകയും ഈ പണം പിടിച്ചെടുക്കുകയും ഇഡി ഓഫിസിൽ ഹാജരാകണമെന്ന് അറിയിക്കുകയും ചെയ്‌തു.
തുടർന്ന് ഇരുവരും ഇഡി ഓഫിസിൽ എത്തിയപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുപ്പൂർ സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. അംഗുരാജിന്‍റെ ഓഫിസിലും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
പിടിയിലായവരിൽ നിന്ന് 88 ലക്ഷം രൂപയും 20 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ആഡംബര കാറുകളും 1.62 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ ആൾമാറാട്ടം, വഞ്ചന, മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.