പുരി (ഒഡിഷ) : പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ ചന്ദൻ യാത്രയ്ക്കിടെ പടക്കം പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിരവധി ഭക്തർക്ക് പൊള്ളലേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ എല്ലാവരെയും ജില്ല ആസ്ഥാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും രോഗികളിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ തന്‍റെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടറിക്കും ജില്ല ഭരണകൂടത്തിനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരിക്കേറ്റവരുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പുരി ചന്ദൻ യാത്രയ്ക്കിടെ നരേന്ദ്ര പുഷ്‌കരിണി ദേവിഘട്ടിന്‍റെ തീരത്ത് വച്ച് സംഭവിച്ച അപകടത്തെക്കുറിച്ച് കേട്ടതിൽ ഖേദമുണ്ട്. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും സംവിധാനം നിരീക്ഷിക്കാനും ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടറിക്കും ജില്ല ഭരണകൂടത്തിനും നിർദേശം നൽകി. പരിക്കേറ്റവരുടെ എല്ലാ ചികിത്സ ചെലവുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിൽ നിന്ന് വഹിക്കും. എല്ലാവർക്കും നല്ല ആരോഗ്യം നേരുന്നു" -എന്ന് നവീൻ പട്‌നായിക് എക്‌സിൽ കുറിച്ചു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. "പുരി ചന്ദൻ യാത്രയ്ക്കിടെ നരേന്ദ്ര പുഷ്‌കരിണി ദേവിഘട്ടിൽ ഉണ്ടായ നിർഭാഗ്യകരമായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു എന്ന വാർത്ത കേൾക്കുന്നതിൽ എനിക്ക് ദുഃഖമുണ്ട്. ഭഗവാന്‍റെ അനുഗ്രഹത്താൽ, ചികിത്സയിലുള്ളവർ എത്രയും വേഗം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങട്ടെ എന്നാണ് എന്‍റെ ആഗ്രഹം" -എന്ന് ധർമേന്ദ്ര പ്രധാൻ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
ALSO READ : രാജ്‌കോട്ട് ഗെയിം സോൺ തീപിടിത്തം; 6 പേർക്കെതിരെ കേസ്, വിഷയം ഹൈക്കോടതിയില്‍